രാജ്യം കണ്ടതില്‍വെച്ചേറ്റവും കൂടുതല്‍ പ്രതികളുള്ള കുംഭകോണമായി രൂപാന്തരം പ്രാപിക്കുന്ന വ്യാപം അഴിമതിക്കേസ് കുപ്രസിദ്ധമാകുന്നത് കേസുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരൊക്കെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നത് കൊണ്ടാണ്. ഇതിനോടകം തന്നെ വ്യാപം കേസുമായി ബന്ധപ്പെട്ട് അസാധാരണമായി മരണപ്പെട്ടത് 45 പേരാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മധ്യപ്രദേശില്‍ മൂന്ന് ദുരൂഹ മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ പിടിച്ചുലച്ച കുംഭകോണത്തിലെ പ്രതികളും സാക്ഷികളും ജയിലിലും പുറത്തും മരിച്ചു വീഴുന്നതിനിടെ കേസ് അന്വേഷിക്കുന്നവരും ദുരൂഹമായി മരിക്കുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. മരണത്തിന്റെ നീരാളിക്കൈകള്‍ നീട്ടി മറഞ്ഞിരുന്ന് ആരോ ഇവരെയൊക്കെ കൊലപ്പെടുത്തുകയാണ് എന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു. വ്യാപത്തേക്കുറിച്ച് സംസാരിക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നതാണ് ഈ കേസിന്റെ ദുരൂഹത കൂട്ടുന്നത്.
2003ലാണ് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. ഒരു കേസില്‍ ഇത്രയധികം ആളുകള്‍ പിടിയിലാകുന്ന രാജ്യത്തേതന്നെ ആദ്യത്തെ കേസാകും ഒരുപക്ഷെ വ്യാപം കുംഭകോണം. ഇനിയും പിടിയിലാകാന്‍ 400 പേര്‍കൂടിയുണ്ട്. ഇവര്‍ ജീവനൊടെയുണ്ടൊ അതോ മരണപ്പെട്ടോ എന്നതിന് ഊഹങ്ങള്‍ മാത്രമാണുള്ളത്.
ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവരില്‍ പലരും ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം എന്ന് പൊലീസുകാര്‍ സംശയിക്കുന്നുമുണ്ട്. പൊലീസിനേപ്പോലെ സമാന്തരമായി സാക്ഷികളേയും, പ്രതികളേയും അന്വേഷണ ഉദ്യോഗസ്ഥരേയും ആരൊക്കെയോ വേട്ടയാടുന്നുണ്ട് എന്നതിനു തെളിവാണ് തുടര്‍ച്ചയായുള്ള മരണങ്ങള്‍ എന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.
വ്യാപം കേസ് പുറത്തുവന്നു എങ്കിലും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് കുംഭകോണം ദേശീയ ശ്രദ്ധ നേടുന്നത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബിജെപി അനുയായിയും ഖനനവ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും തുടര്‍ന്ന് അറസ്റ്റിലായി. മകന്റെ പേര്‍ പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല.
ഇതിനു പിന്നാലെ ഒന്നൊന്നായി പല മരണങ്ങളും സംഭവിക്കുകയായിരുന്നു. പ്രതികളും സാക്ഷികളും അന്വേഷകരുമായി 45പേരാണ് ഇതിനൊടകം തന്നെ കാലപുരി പൂകിയത്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ നടത്തിയ പ്രസ്താവന ദുരൂഹതക്ക് ആക്കംകൂട്ടി. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആയിരുന്നു ഗൗറിന്റെ പ്രസ്താവന. ഇത് മരണത്തിനു പിന്നില്‍ ആരുടെയെയൊക്കെയോ രഹസ്യ കരങ്ങള്‍ ഉണ്ടെന്നതിനുള്ള സൂചനകളാണ്.