വിഴിഞ്ഞത്തിന് കേന്ദ്ര സഹായം, 800 കോടി ലഭിച്ചേക്കും

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (08:10 IST)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കുമെന്ന് ഉറപ്പായി. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതിയോഗത്തിലാണ് പദ്ധതിക്ക് വിജിഎഫ് ആയി സഹായം അനുവദിക്കാന്‍ തീരുമാനമായത്. കേന്ദ്രധനകാര്യസെക്രട്ടറി അരവിന്ദ് മായാറാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗമാണ് വിഴിഞ്ഞം പദ്ധതിക്ക് വിജിഎഫ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.

ഇത് കേന്ദ്ര ധന മന്ത്രി അരുണ്‍ജയ്റ്റ്ലി അംഗീകാരം നല്‍കുന്നതോടെ സ്വകാര്യപങ്കാളി മുടക്കുന്നതിന്റെ ഇരുപത് ശതമാനം തുക വിജിഎഫ് ആയി ലഭിക്കും. തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ കീഴ്വഴക്കങ്ങളില്ലാത്തതിനാല്‍ വിജിഎഫുനായുള്ള ചര്‍ച്ചകള്‍ നീണ്ടു പോയിരുന്നു. ഇതിനു മുമ്പ് രാജ്യത്തെ ഒരു തുറമുഖ പദ്ധതിക്കും വിജിഎഫ് അനുവദിച്ചിരുന്നില്ല.

അതിനാല്‍ ഉന്നതാധികാര സമിതിയില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. ഇന്നലെ നടന്ന യോഗത്തിലാണ് സമവായം ഉരുത്തിരിഞ്ഞത്. എണ്ണൂറ് കോടിയോളം രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണ്‍ പറഞ്ഞു. അഭിമാനകരമായ നേട്ടെമെന്ന് തുറമുഖമന്ത്രി കെ ബാബു പ്രതികരിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.