വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുളള ഹര്‍ജികള്‍ പരിഗണിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതിനെകുറിച്ചുള്ള വാദവും ഇന്ന് കോടതി പരിഗണിക്കും.
പദ്ധതിമൂലം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് മത്സ്യ തൊഴിലാളികള്‍ ഹര്‍ജി നല്‍കിയിരുന്നു. അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള ഹാജ്‌റ തുറമുഖം പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കിയതിന് 25 കോടി രൂപ പിഴ ഒടുക്കണമെന്നുള്ള ഹരിതട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് അദാനി നല്‍കിയ അപ്പീലും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് ഹര്‍ജികളും ഒരേ ബെഞ്ചാണ് അടുത്തടുത്ത കേസുകളിലായി പരിഗണിക്കുക.