വിജയ് മല്യയുടേയും കുടുംബത്തിന്റേയും സ്വത്തുക്കളുടെ വിശദമായ വിവരങ്ങൾ സുപ്രിംകോടതി ബാങ്കുകൾക്ക് കൈമാറി. വിജയ് മല്യ, അദ്ദേഹത്തിന്റെ മുൻഭാര്യ, മക്കൾ മൂന്ന് പേർ എന്നിവരുടെ വിദേശസ്വത്തുക്കളുടെ കണക്കാണ് സുപ്രിംകോടതി എസ് ബി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
കോടതിൽ ഒരു നിശ്ചിത തുക കെട്ടിവെക്കണമെന്നും കുടുംബത്തിന്റെ സ്വത്ത് വിവരങ്ങളുടെ കണക്ക് അവതരിപ്പിക്കണമെന്നും മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി നൽകിയ അവസാന ദിവസം ഇക്കഴിഞ്ഞ 7നായിരുന്നു, എന്നാൽ മല്യ ഇതിനോട് സഹകരിക്കാൻ തയ്യാറാകാത്തതിനെതിരെ കോടതി മല്യയെ രൂക്ഷമായി വിമർശിച്ചു. ഇതിനെത്തുടർന്നാണ് സ്വത്തുക്കളുടെ കണക്ക് കോടതി ബാങ്കുകൾക്ക് നൽകിയത്.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടികളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 9,000 കോടിരൂപയാണ് മല്യ നല്‍കാനുള്ളത്. അതേസമയം ഇപ്പോള്‍ ബ്രിട്ടനില്‍ ഒളിവില്‍ കഴിയുന്ന മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കൂടാതെ മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുമുണ്ട്.