40 മില്യൺ ഡോളർ വില വരുന്ന വിജയ് മല്യയുടെ ജെറ്റ് വിമാനം ലേലത്തിന്: ലേലം മെയ് 12 ന്

ബുധന്‍, 23 മാര്‍ച്ച് 2016 (12:15 IST)
വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം ലേലത്തിന്. ജെറ്റ് എയർബസ് 319 ആണ് മെയ് 12ന് ലേലം ചെയ്യുന്നത്. വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന വിമാനം സർവീസ് ടാക്സ് ഡിപ്പാർട്ട്മെന്റാണ് ലേലത്തിന് വെക്കുന്നത്. 40 മില്യൺ ഡോളറാണ് ആഡംബര വിമാനത്തിന്റെ അടിസ്ഥാന വിലയായി നിശ്‌ചയിച്ചിരിക്കുന്നത്.
 
പൂർണമായും ആഡംബര യാത്രയ്ക്ക് വേണ്ടി മാത്രം നിർമിച്ച ജെറ്റ് എയർബസ് 319 25 യാത്രക്കാരേയും ആറ് ക്രൂ ജീവനക്കാരേയും വഹിക്കുമെന്നാണ് ടാക്സ് ഡിപ്പാർട്ട്മെന്റ് പറയുന്നത്. കോണ്‍ഫറന്‍സ്‌ ഹാള്‍, മീറ്റിംഗ്‌ റൂം, അറ്റാച്ച്‌ഡ് ബാത്‌റൂം ഉള്ള ബെഡ്‌റൂം എന്നീ സൗകര്യങ്ങ‌ൾ ഉള്ള ആഡംബര ജെറ്റ് വിമാനം നിലവിൽ മുംബൈ എയർപോർട്ടിലാണുള്ളത്.
 
നേരത്തെ വിജയ് മല്യയുടെ കിങ്‌ഫിഷര്‍ ഹൗസ്‌ ലേലത്തിൽ വച്ചെങ്കിലും വസ്തു ലേലത്തിനെടുക്കാൻ ആരും എത്തിയിരുന്നില്ല. മല്യയുടെ മുഖ്യ ഓഫീസായ കിങ്‌ ഫിഷര്‍ ഹൗസിന് 150കോടിയായിരുന്നു അടിസ്ഥാന വില ഇട്ടത്. അടിസ്ഥാന വില കൂടിപ്പോയി എന്നതായിരുന്നു ലേലത്തിന് ആരും എത്താതിരുന്നതിന്റെ മുഖ്യ കാരണമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക