ലളിത് മോഡി വിഷയത്തില്‍ വിവാദത്തില്‍ ഉള്‍പ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്ക് ഒടുവില്‍ പാര്‍ട്ടി പിന്തുണ. വസുന്ധര രാജെയ്ക്കെതിരെ പുറത്തുവന്ന രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞ ബി ജെ പി വക്താവ് സുധാന്‍ഷു ത്രിവേദി പാര്‍ട്ടിയും അവരും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
സുഷമ സ്വരാജിനെതിരെയും വസുന്ധര രാജെയ്ക്ക് എതിരെയും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ തെളിവുകള്‍ ഇല്ലാത്തതാണെന്നും അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. ലളിത് മോഡിയുമായുള്ള ബന്ധം വസുന്ധര രാജെ നിഷേധിച്ചിട്ടില്ല. എന്നാല്‍ പുറത്തുവന്ന രേഖകളുടെ ആധികാരികത പരിശോധിക്കേണ്ടതുണെന്നും അദ്ദേഹം പറഞ്ഞു.
രാജെയുടെ മകന്‍ ദുഷ്യന്തിന്റെ കമ്പനിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരസ്യമാണെന്നും അദ്ദേഹത്തിന്റെ ആദായ നികുതി റിട്ടേണിലും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും അവയെല്ലാം കാണിച്ചിട്ടുള്ളതാണെന്നും സുധാന്‍ഷു വ്യക്തമാക്കി.
വസുന്ധരയെ മാറ്റി പകരം ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ഓം പ്രകാശ് മാത്തൂരിനെ മുഖ്യമന്ത്രിയാക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.