വാജ്പേയിക്ക് ഭാരത രത്ന നല്‍കിയേക്കും

Webdunia
ശനി, 9 ഓഗസ്റ്റ് 2014 (16:41 IST)
മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നത നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരത രത്ന പുരസ്കാരം നല്‍കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നൊട്ട്. കാലങ്ങളായി ബിജെപിയുടെ ആവശ്യമായിരുന്നു വാജ്പേയിക്ക് ഭാരത രത്ന നല്‍കണമെന്നുള്ളത്.

വാജ്പേയിക്ക് പുറമേ മറ്റ് നാലുപേരുകള്‍ കൂടി പുരസ്ക്കാര പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നിരവധി തവണ അവഗണിച്ച നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇതിലൊന്ന്. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന ഇത്തവണ പ്രഖ്യാപിച്ചേക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

സംഘ പരിവാറിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് സുഭാഷ് ചന്ദ്ര ബോസിന്റെ നിര്‍ദ്ദേശത്തിനു പിന്നില്‍. നെഹ്റു കുടുംബത്തിന്റെ അധികാരത്തില്‍ നിന്ന് കോണ്‍ഗ്രസിനെയും ഇന്ത്യയേയും രക്ഷിക്കാന്‍ ശ്രമിച്ച നേതാവാണ് നേതാജിയെന്ന് സംഘപരിവാര്‍ നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായ മദന്‍ മോഹന്‍ മാളവ്യ, ഗിതാ പ്രസ് സ്ഥാപകനും ചിത്രകാരന്‍ രാജാരവി വര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന് നിരവധി മഹത്തായ ചിത്രങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച വ്യക്തിയുമായ ഹനുമാന്‍ പ്രസാദ് പോഡാര്‍ എന്നിവരും ഭാരത രത്നയ്ക്കുള്ള പട്ടികയില്‍ സംഘപരിവാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ ദളിത് നേതാവായ കാന്‍ഷിറാമിനേയും പുരസ്കാരത്തിനായി പരിഗണിച്ചിട്ടുണ്ട്. ഇതുവഷി ദളിത് വിഭാഗങ്ങളുടെ അനുഭാവം നേടിയെടുക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഈ സ്വാതന്ത്ര്യ ദിനത്തിലാണ് ഭാരത രത്ന സംബന്ധിച്ച പ്രഖ്യാപനം വരുന്നതെന്നാണ് സൂചന.

എന്നാല്‍ ഇത്തവണ മൂന്ന് പേര്‍ക്ക് മാത്രമേ ബഹുമതി പ്രഖ്യാപിക്കു എന്നാണ് വാര്‍ത്തകള്‍. അതിനുള്ള  കീര്‍ത്തിമുദ്ര തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിന്  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.