ഉത്തരാഖണ്ഡില്‍ മെയ്‌ 10ന് വിശ്വാസവോട്ടെടുപ്പ്; പുറത്താക്കിയവര്‍ക്ക് വോട്ടില്ല

വെള്ളി, 6 മെയ് 2016 (14:34 IST)
വിശ്വാസവോട്ടെടുപ്പിനുള്ള നടപടി ഉത്തരാഖണ്ഡില്‍  എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും രാഷ്‌ട്രപതിഭരണം റദ്ദാക്കണമെന്നും സുപ്രീംകോടതി. സംസ്ഥാന നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ഇന്നുവരെ ആയിരുന്നു കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നത്.
 
രാഷ്‌ട്രപതിഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തോടെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തയ്യാറാണെന്ന് സുപ്രീംകോടതിയെ ഇന്നു രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. മേല്‍ നോട്ടത്തിനായി സുപ്രീംകോടതി ഒരു നിരീക്ഷകനെ ഏര്‍പ്പെടുത്തണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ഒരാള്‍ ആയിരിക്കണം നിരീക്ഷകനെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
 
മെയ് പത്തിന് നിയമസഭയുടെ പ്രധാന അജണ്ട വിശ്വാസവോട്ട് ആയിരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറിയും ഡി ജി പിയും അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒമ്പത് നിയമസഭാംഗങ്ങള്‍ കൂറുമാര നിയമപ്രകാരം വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക