ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴയേ തുടര്‍ന്നുണ്ടായ കെടുതികളില്‍ 23 പേര്‍ മരിച്ചു. ഉത്തരാഖണ്ഡില്‍ മാത്രം കനത്ത മഴയത്തുടര്‍ന്ന് 19 പേരാണ് മരിച്ചത്.
ഇതില്‍ അധികവും പുരി ജില്ലയിലാണ് സംഭവിച്ചത്. പുരി ജില്ലയിലെ യംകേശ്വറില്‍ 14 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിലും വീട് തകര്‍ന്നുമാണ് അപകടം. ഡെറാഡൂണില്‍ രണ്ടുപേരും പിത്തോറാഗാഹില്‍ ഒരാളുമാണ് മരണപ്പെട്ടത്.
ഗംഗ അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലയെക്കാള്‍ ഉയര്‍ന്നതാണ് മണ്ണിടിച്ചിലിനും മറ്റ് അപകടങ്ങള്‍ക്കും കാരണം. റോഡുകള്‍ വെള്ളത്തിനടിയില്‍ ആയതിനെത്തുടര്‍ന്ന് ഇവിടുത്തെ 250 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. വിനോദ സഞ്ചാരികള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കുടുങ്ങി.
ഇതേതുടര്‍ന്ന് ചാര്‍ധാം തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവെച്ചു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദികളുടെ സമീപത്തെ ഗ്രാമങ്ങളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഒറ്റപ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഹെലിക്കോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി ദുരിതാശ്വാസ സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
120 മില്ലീമീറ്റര്‍ മഴയാണ് ഡെറാഡൂണില്‍ രേഖപ്പെടുത്തിയത്. ഇതിനിടെ മഴക്കെടുതികളെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പലസ്ഥലത്തും മണ്ണിടിച്ചിലും ഉണ്ടായി.