ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല; രാജിവെക്കാന്‍ തോന്നുന്നുവെന്ന് അദ്വാനി
വ്യാഴം, 15 ഡിസംബര്‍ 2016 (15:05 IST)
തുടര്‍ച്ചയായ ഇരുപതാം ദിവസവും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തടസപ്പെട്ടതോടെ നിരാശ പരസ്യമായി പ്രകടിപ്പിച്ച് വീണ്ടും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി.
നിരന്തരം പാർലമെന്റ് തടസപ്പെടുന്നത് നിരാശപ്പെടുത്തുന്ന കാര്യമായതിനാല്‍ ലോക്‌സഭാംഗത്വം രാജി വെക്കാന്‍ തോന്നുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സഭയിലുണ്ടായിരുന്നെങ്കിൽ അദ്ദേഹവും നിരാശനാകുമായിരുന്നുവെന്നും അദ്വാനി പറഞ്ഞു.
തന്നെ സന്ദര്‍ശിക്കാനെത്തിയ ഒരു കൂട്ടം എംപിമാരോടാണ് അദ്വാനി ഇക്കാര്യം പങ്കുവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും എംപിയുമായ ഇദ്രിസ് അലിയാണ് അദ്വാനി രാജിയെക്കുറിച്ച് സൂചിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
എന്താണ് ഈ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നടക്കുന്നത്, ചര്‍ച്ചക്കിടയില്‍ ബഹളങ്ങള്‍ ഇത്ര രൂക്ഷമായ അവസ്ഥ തന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്വാനി വ്യക്തമാക്കിയെന്നാണ് ഇദ്രിസ് അലി വെളിപ്പെടുത്തിയിരിക്കുന്നത്.
മാധ്യമപ്രവർത്തകര്‍ കേള്‍ക്കെയാണ് അദ്വാനി തന്റെ നിലപാട് പരസ്യമായി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണത്തെ തുടര്‍ന്നാണ് സഭ ഇന്നും മുടങ്ങിയത്.
പാർലമെന്റിന്റെ ഇരുസഭകളുടെയും ശീതകാല സമ്മേളനം ഒരു ദിവസം കൂടിയേയുള്ളൂ. നോട്ട് അസാധുവാക്കിയ നടപടിയും അഗസ്റ്റ വെസ്റ്റ്ലാൻഡ് പ്രശ്നവും ചൂണ്ടിക്കാണിച്ച് പാർലമെന്റ് സമ്മേളനങ്ങൾ മിക്ക ദിവസങ്ങളും മുടങ്ങിയത്.