അധോലോക നായകന്‍ ഛോട്ട രാജനെ ഇന്ത്യയിലെത്തിച്ചു

Webdunia
വെള്ളി, 6 നവം‌ബര്‍ 2015 (08:41 IST)
ഇന്തോനേഷ്യയില്‍ പിടിയിലായ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ട രാജനെ ഇന്ത്യയില്‍ എത്തിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ ഡല്‍ഹി പാലം വിമാനത്താവളത്തിലാണ് പ്രത്യേകസംഘം രാജനുമായി എത്തിയത്. ബാലിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടു വന്നത്.
 
ഡല്‍ഹിയിലെത്തിച്ച ഇയാളെ കനത്ത സുരക്ഷയില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നുതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, രാജന്‍ പ്രതിയായുള്ള എല്ലാ കേസുകളും സി ബി ഐക്ക് കൈമാറുന്നുവെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ ആര്‍ക്കു കൈമാറുമെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.
 
ഈ സാഹചര്യത്തില്‍ കേസുകള്‍ സി ബി ഐക്ക് കൈമാറുന്നതായി മഹാരാഷ്‌ട്ര ആഭ്യന്തര സെക്രട്ടറി കെ പി  ഭക്ഷി കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവയുള്‍പ്പടെ എഴുപത്തിയഞ്ചിലേറെ കേസുകളാണ് രാജന്റെ പേരിലുള്ളത്.
 
രാജനെ ചൊവ്വാഴ്ച തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അഗ്‌നിപര്‍വത സ്‌ഫോടനം മൂലം ബാലിയിലെ എന്‍ഗുര റായി അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയത്.