പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ചായ വില്‍പ്പനകാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് മുഖ്യമന്ത്രിയായിക്കൂടായെന്നാണ് ഉദ്ധവിന്റെ പുതിയ പരാമര്‍ശം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് തന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയാണ് ഉദ്ധവിന്റെ പരാമര്‍ശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മോഡിയുടെ പേരു സൂചിപ്പിക്കാതെയാണ് ഉദ്ധവിന്റെ പരാമര്‍ശം. ബാല്യത്തില്‍ ട്രെയിനില്‍ ചായവിറ്റുനടന്ന കഥ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോഡി പല വേദികളിലും പങ്കുവച്ചിരുന്നു. ഇതിനെതിരേയാണ് ഉദ്ധവിന്റെ പ്രതികരണം.
സീറ്റ് വിഭജനത്തെ ചൊല്ലി കലഹിച്ച് ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം തങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ സഖ്യം തകര്‍ന്നപ്പോള്‍ വളരെയധികം വേദനിച്ചു. എന്നാല്‍ അവര്‍ക്ക് വഴിപ്പെടാന്‍ താന്‍ ഒരുക്കമല്ലെന്നും ഉദ്ധവ് പറയുന്നു.
അതേസമയം ബാല്‍ താക്കറെ ഓര്‍ത്ത് ശിവസേനയ്ക്ക് എതിരേ ഒന്നും പറയില്ലെന്നായിരുന്നു മോഡിയുടെ നിലപാട്. തുടര്‍ന്ന് മോഡിയെ പ്രകോപിപ്പിക്കാന്‍ ശിവസേന നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.