ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യങ്ങൾക്കിടെ മരണം വരിച്ചവര്‍ക്കുള്ള എൻ മെഡൽ പട്ടികയിൽ രണ്ട് ഇന്ത്യക്കാർ. കോംഗോയിൽ സമാധാനദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ലാൻസ് നായിക് നന്ദ റാം, ദക്ഷിണ സുഡാനിൽ സന്നദ്ധ പ്രവർത്തനത്തിനിടെ മരിച്ച രാജു ജോസഫ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് മുൻ യുഎൻ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡിന്റെ പേരിൽ ഏർപ്പെടുത്തിയ മെഡൽ സമ്മാനിക്കുക.
യുഎൻ സമാധാനസേനാംഗങ്ങളുടെ രാജ്യാന്തര ദിനമായി ആചരിക്കുന്ന മേയ് 29 നാണ് ഇവർ ഉൾപ്പെടെ സൈനിക, പൊലീസ്, സിവിലിയൻ മേഖലകളിൽ സേവനമനുഷ്ഠിച്ച 126 പേർക്കുള്ള മെഡലുകൾ സമ്മാനിക്കുക. കഴിഞ്ഞ വർഷം എട്ട് ഇന്ത്യൻ സൈനികർക്ക് ഈ മെഡൽ ലഭിച്ചിരുന്നു. യുഎൻ സമാധാന സേനയിലെ പങ്കാളിത്തത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിൽ സൈനിക-പൊലീസ് തലത്തിലുള്ള 8,112 ഇന്ത്യക്കാർ യുഎൻ സമാധാന സേനയിൽ അംഗങ്ങളാണ്. ലൈബീരിയയിൽ 103 അംഗ വനിതാ പൊലീസ് സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.