വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

നിഹാരിക കെ.എസ്

തിങ്കള്‍, 7 ഏപ്രില്‍ 2025 (08:51 IST)
വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനി അസ്മയാണ് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. യുവതിയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയുടെ മരണം. ഭർത്താവ് സിറാജുദീനെതിരെ അസ്മയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് കേസ്.
 
അസ്മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലും മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമായിരുന്നു നടന്നത്. അക്യുപംഗ്ചര്‍ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് ആയിരുന്നു അസ്മ പ്രസവിച്ചത്. രാത്രി ഒന്‍പത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീന്‍ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീന്‍ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. 
 
മലപ്പുറത്തു മരിച്ച അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നത് ഭാര്യ വീട്ടുകാരെ അറിയിക്കാതെ ആയിരുന്നു. മറ്റൊരു ബന്ധു പറഞ്ഞാണ് അസ്മയുടെ വീട്ടുകാർ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
 
കുട്ടി പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം പ്രസവം നടന്നെങ്കിലും അസ്മയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കരഞ്ഞപേക്ഷിച്ചിട്ടും ഭര്‍ത്താവ് സിറാജുദ്ദീന്‍ അനുവദിച്ചില്ലെന്നാണ് അസ്മയുടെ കുടുംബത്തിന്റെ ആരോപണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍