മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിക്കുക. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് കരടു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു . ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം.