ധോണി എപ്പോഴും ഇങ്ങനെയാണ്; ഒന്നും പറയില്ല, ചെയ്തുകാണിക്കും!

വ്യാഴം, 21 ഡിസം‌ബര്‍ 2017 (13:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മഹേന്ദ്രസിംഗ് ധോണി എന്ന പ്രതിഭാസത്തിന്‍റെ സാന്നിധ്യത്തെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴൊക്കെ പ്രകടനമികവുകൊണ്ട് അദ്ദേഹം എതിരാളികളുടെ വായടപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരെ നടന്ന ട്വന്‍റി20 ക്രിക്കറ്റിലും ധോണി തന്‍റെ അനിവാര്യത തെളിയിച്ചു.
 
ലങ്കയ്ക്കെതിരായ മത്സരത്തില്‍ ട്വന്‍റി20 ഫോര്‍മാറ്റിന്‍റേതില്‍ നിന്ന് വ്യത്യസ്തമായ തണുത്തുറഞ്ഞ ബാറ്റിംഗ് ശൈലിയിലേക്ക് ടീം സ്കോര്‍ പൊയ്ക്കൊണ്ടിരുന്ന സമയത്താണ് ധോണി രംഗപ്രവേശം ചെയ്യുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യന്‍ ടീം.
 
എന്നാല്‍ ധോണിയും ഒപ്പം മനേഷ് പാണ്ഡേയും വന്നപ്പോള്‍ ടീം സ്കോര്‍ കുതിച്ചു. 22 പന്തുകളില്‍ നിന്ന് 39 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. ടീം സ്കോര്‍ 180ലെത്തിച്ച് പുറത്താകാതെ ധോണി ബാറ്റുയര്‍ത്തിയപ്പോള്‍ വര്‍ഷങ്ങളായി ഇന്ത്യക്കാര്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗ് കരുത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസ്യത ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിച്ചു.
 
ആ 39ല്‍ നാല് ബൌണ്ടറികളും ഒരു കൂറ്റന്‍ സിക്സറും ഉള്‍പ്പെടുന്നു. തിസാര പെരേരയുടെ അവസാന പന്തിലായിരുന്നു ധോണി ബൌണ്ടറി പായിച്ചത്.
 
182 റണ്‍സ് വിജയലക്‍ഷ്യവുമായി ഇറങ്ങിയ ലങ്കന്‍ ടീം 16 ഓവറില്‍ വെറും 87 റണ്‍സിന് കൂടാരം കയറിയപ്പോള്‍ ആ വിജയം ധോണിയുടെ ബാറ്റിംഗ് കരുത്തിന്‍റെ വിജയം കൂടിയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍