അവധിക്കാലമാണ്. കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ യാത്ര ചെയ്യാനും അവധിക്കാലം ആഘോഷിക്കാനും പലരും പ്ലാൻ ചെയ്യുന്ന സമയം. ട്രിപ്പ് അടിച്ച് പൊളിക്കാൻ പലരും തിരഞ്ഞെടുക്കുന്നത് കർണാടകയാണ്. അങ്ങനെയെങ്കിൽ കർണാടകയിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
വഴിച്ചെലവിനും താമസത്തിനും ഷോപ്പിങ്ങിനുമായി 50,000 രൂപയിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നാണ് കർണാടക തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. കമ്മിഷൻ നിശ്ചയിച്ച പണമോ അതിൽ കൂടുതലോ കയ്യിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അതിന്റെ ക്രത്യമായ രേഖകൾ സൂക്ഷിക്കണം. രേഖകളില്ലാത്ത പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നു കണ്ണൂർ കലക്ടർ മിർ മുഹമ്മദ് അലി മുന്നറിയിപ്പു നൽകി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണു പണം കൊണ്ടു പോകുന്നതിനു നിയന്ത്രണം വന്നത്. ഇത്തരത്തിൽ പണം പിടിച്ചെടുത്താൽ പിന്നീടു തുക തിരികെ വാങ്ങുന്നതിനു നൂലാമാലകളുമുണ്ടാകും. ആവശ്യത്തിനുള്ള പണം സമയമനുസരിച്ച് എ ടി എമ്മിൽ നിന്നും പിൻവലിക്കുന്നതാകും ഉത്തമം.
പെരുമാറ്റച്ചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ അനധികൃതമായി കൈവശം വെക്കുന്ന പണം പിടിച്ചെടുക്കാനിടയുണ്ട്. മേയ് 12നാണു കർണ്ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.