യുപിയിൽ ട്രെയിൻ പാളം തെറ്റി; ആറ് മരണം; 50ഓളം പേര്‍ക്ക് പരുക്ക്

Webdunia
വെള്ളി, 20 മാര്‍ച്ച് 2015 (11:40 IST)
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി ആറ് പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു, ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന് റയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡൊറാഡൂണ്‍-വാരണാസി ജനതാ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളുമാണ് ഇന്നു രാവിലെ പാളം തെറ്റിയത്.

ഡെറാ‌ഡൂണിനും വാരണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന ജനതാ എക്സ്‌പ്രസ് റായ്ബറേലിയിലെ ബച്ച്‌റാവൻ പട്ടണത്തില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. എഞ്ചിനും ജനറൽ കംപാർട്ട്മെന്റും ഗാർഡ് കംപാർട്ടുമെന്റുമാണ് അപകടത്തിൽപെട്ടത്. ബോഗികൾ രണ്ടും പരസ്പരം ഇടിച്ചു കയറിയ നിലയിലാണ്. സ്റ്റേഷനിൽ ട്രെയിൻ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദുരന്തനിവാരണ സേനയും റയില്‍വേയുടെ സംഘവും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും അടിയന്തര സഹായകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.