ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഒരു മരണം, നൂറോളം പേര്‍ക്ക്‌ പരുക്ക്

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2015 (12:43 IST)
ഹരിയാനയിലെ പല്‍വാലില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നൂറോളം പേര്‍ക്ക്‌ പരുക്കേറ്റു. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ- ഹരിദ്വാര്‍ ലോകമാന്യ തിലക്‌ എക്‌സ്പ്രസ്‌ എമു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചയാള്‍ തീവണ്ടിയുടെ ഡ്രൈവറാണ്.

രാവിലെ ഒന്‍പതു മണിയോടെ ആയിരുന്നു അപകടം. കടുത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒരേ പാളത്തിലൂടെ ഇരു വശങ്ങളില്‍ നിന്നായി എത്തിയ ട്രെയിനുകളാണ്‌ കൂട്ടിയിടിച്ചത്‌. ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ് സംഭവം. പല്‍വാലില്‍ നിന്നും ഗാസിയാബാദിലേക്ക് പോകുകയായിരുന്ന എമു തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ഹരിദ്വാര്‍ എക്‌സ്പ്രസ് തീവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍മഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു.

പരുക്കേറ്റവരെ പല്‍വാലിലേയും ഫരീദാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പല്‍വാല്‍ ഡെപ്യൂട്ടി കമ്മീഷണറോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന്‌ പതിനഞ്ചോളം ട്രെയിനുകള്‍ പിടിച്ചിട്ടു.