Tipra Motha: ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്താന്‍ കാരണം തിപ്ര മോത്ത; ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു, കേരളത്തിലും വരുമോ മറ്റൊരു തിപ്ര മോത്ത?

വെള്ളി, 3 മാര്‍ച്ച് 2023 (11:55 IST)
ഗോത്ര വിഭാഗത്തില്‍ നിന്നുള്ള തിപ്ര മോത്ത പാര്‍ട്ടിയുടെ വരവാണ് ഒരുപരിധി വരെ ത്രിപുരയില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ബിജെപിക്ക് എതിരെ നിന്ന് തിപ്ര മോത്ത വോട്ട് ചോദിച്ചെങ്കിലും ക്ലൈമാക്‌സില്‍ അത് ബിജെപിക്ക് ഗുണമായി. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് പോകേണ്ടിയിരുന്ന ബിജെപി വിരുദ്ധ വോട്ടുകള്‍ തങ്ങളിലേക്ക് കേന്ദ്രീകരിക്കാന്‍ തിപ്ര മോത്തയ്ക്ക് സാധിച്ചു. ഇതാണ് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ബിജെപിക്ക് എതിരായി നിന്നുകൊണ്ട് എന്നാല്‍ ബിജെപിക്ക് അനുകൂലമായി കാര്യങ്ങളെ എത്തിക്കാന്‍ തിപ്ര മോത്തയുടെ ഇടപെടല്‍ കൊണ്ട് സാധിച്ചു. 
 
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുക എന്നത് മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ആ സമയത്താണ് തിപ്ര മോത്ത തിരഞ്ഞെടുപ്പ് ഗോഥയിലേക്ക് കയറിവരുന്നത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈ കോര്‍ത്തപ്പോള്‍ മറുവശത്ത് തിപ്ര മോത്തയുടെ സാന്നിധ്യം ബിജെപിക്ക് ആശ്വാസമേകി. തങ്ങള്‍ക്കെതിരായ വോട്ടുകള്‍ ഇടത് സഖ്യത്തിലേക്കും തിപ്ര മോത്തയിലേക്കും പോകുമെന്ന് ബിജെപി ഉറപ്പിച്ചു. ഒടുവില്‍ അത് തന്നെ സംഭവിച്ചു. 
 
ഉദാഹരണത്തിന് ത്രിപുരയിലെ അമര്‍പുര്‍ മണ്ഡലത്തില്‍ 17,497 വോട്ടുകള്‍ നേടിയാണ് ബിജെപി ജയിച്ചത്. സിപിഎം സഖ്യത്തിന് ഇവിടെ 12,851 വോട്ടുകള്‍ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള തിപ്ര മോത്ത സ്ഥാനാര്‍ഥിക്ക് 7857 വോട്ടുകള്‍. തിപ്ര മോത്ത നേടിയ ബിജെപി വിരുദ്ധ വോട്ടുകളാണ് ഇവിടെ ബിജെപിയുടെ ജയം സാധ്യമാക്കിയത്. ബിജെപി വിജയിച്ച 32 മണ്ഡലങ്ങളില്‍ 15 എണ്ണത്തില്‍ തിപ്ര മോത്ത 8,000 ത്തില്‍ അധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. ഈ വോട്ടുകളാണ് ബിജെപിയും സിപിഎം സഖ്യവും തമ്മിലുള്ള അവിടുത്തെ വോട്ട് വ്യത്യാസം. 
 
കേരളത്തിലും തിപ്ര മോത്ത പോലൊരു പാര്‍ട്ടിക്ക് സാധ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. ബിഡിജെഎസ്, ആം ആദ്മി, ട്വന്റി ട്വന്റി പോലുള്ള പാര്‍ട്ടികള്‍ പലപ്പോഴായി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കേരളത്തിലും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും നിലവില്‍ അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. ഇടത്-വലത് മുന്നണികള്‍ക്ക് പരമ്പരാഗതമായി ശക്തമായ വോട്ട് ബാങ്ക് ഉള്ളതിനാലാണ് അത്തരമൊരു പ്രവണത കേരളത്തില്‍ സംഭവിക്കാത്തത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍