ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നൂറാം ദിവസം ആഘോഷിക്കുന്നതിനിടെ കല്ലുകടിയായി പൊലീസ് കേസ്. ബലാത്സംഗക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. യോഗി ആദിത്യ നാഥ് ആരംഭിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ (എച്ച്‌വൈവി) മൂന്ന് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ബറേലിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബറേയ്‌ലിയിലെ ഗണേഷ്‌നഗറില്‍ ദീപക് എന്നയാളും അവിനാശ് എന്നയാളും തമ്മിലുണ്ടായ വാക്കേറ്റമാണ് അടിപിടിയില്‍ കലാശിച്ചത്. തര്‍ക്കം മുറുകിയതിനേത്തുടര്‍ന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകനായ അവിനാശ് മറ്റ് രണ്ട് പ്രവര്‍ത്തകരേയും കൂട്ടി എത്തി. മൂവരും ചേര്‍ന്ന് ദീപകിന്റെ വീട് ആക്രമിക്കുകയും ദീപകിന്റെ ഭാര്യയെ പീഡിപ്പിച്ചെന്നുമാണ് പരാതി.
ഇതിനിടെ മറ്റൊരു യുവതി കൂട്ടബലാത്സംഗത്തിന് അവിനാശിനെതിരെ പരാതി നല്‍കിയതോടെ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവിനാശ്, ജിതേന്ദ്ര, പങ്കജ് എന്നിവരാണ് അറസ്റ്റിലായത്.