ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് കുറ്റവാളികളുടെ ചിത്രം ഗൂഗിളിൽ തിരയുമ്പോൾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും വരുന്നതിൽ ഗൂഗിൾ ക്ഷമ പറഞ്ഞു. മോഡിയുടെ ചിത്രവുമായി ബന്ധപ്പെട്ട് ക്ഷമ ചോദിക്കുന്നു. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി തെറ്റുകൾ തിരുത്താൻ ശ്രമിക്കുമെന്നും ഗൂഗിൾ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഏതെങ്കിലും രീതിയിലുള്ള ആശയക്കുഴപ്പമോ തെറ്റിദ്ധാരണയോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു. മോഡിയുടെ ചിത്രം വരുന്നത് തങ്ങളുടെ പ്രശ്നമല്ല. ചില ചിത്രങ്ങൾ തിരയുമ്പോൾ ലഭിക്കുന്ന മറുപടിയിൽ ഞങ്ങളും അത്ഭുതപ്പെടാറുണ്ട്. ബ്രിട്ടീഷ് ദിനപത്രം മോഡിയുടെ ചിത്രം തെറ്റായി നൽകിയതു കൊണ്ടാണ് ഇന്ത്യയിലെ 10 കുറ്റവാളികളുടെ ചിത്രം തിരയുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം കയറിവരാൻ കാരണമെന്നും ഗൂഗിൾ വിശദീകരിക്കുന്നു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ മോഡി പ്രസ്താവന നടത്തുകയോ അഭിപ്രായം പങ്കുവയ്ക്കുകയോ ചെയ്യുമ്പോൾ വാർത്തകൾക്ക് നൽകുന്ന ലിങ്കിൽ തെറ്റായ പ്രയോഗമാണ് നടത്തുന്നത്. ഇത്തരം ലിങ്കുകളിൽ നിന്നും ഗൂഗിൾ സെർച്ചിൽ മോദിയുടെ തെറ്റായ ചിത്രം കയറുന്നുവെന്നും ഗൂഗിൾ വ്യക്തമാക്കി.