സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിന്ന് പരസ്യമായി മൂത്രമൊഴിച്ചു; അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്

തുമ്പി ഏബ്രഹാം

വെള്ളി, 15 നവം‌ബര്‍ 2019 (15:09 IST)
സ്‍കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിന്ന് പരസ്യമായി മൂത്രമൊഴിച്ച അധ്യാപകന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസയച്ചു. ത്രിപുരയിലെ ദലായിലാണ് സംഭവം. കഴിഞ്ഞയാഴ്‍ചയാണ് സ്‍കൂളില്‍ സംഭവം നടന്നത്. കുട്ടികള്‍ നോക്കി നില്‍ക്കെ അധ്യാപകന്‍ സ്‍കൂളിലെ അടുക്കളയുടെ ഒരു വശം ചേര്‍ന്ന് നിന്ന് പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. ഗാഗ്രാചേറ ഹൈസ്‍കൂളിലെ അധ്യാപകനായ രാം കമല്‍ ചക്മയ്ക്കാണ് നോട്ടീസ് ലഭിച്ചത്. 
 
അധ്യാപകന്‍റെ ഈ നടപടിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് കഴിഞ്ഞ ദിവസം അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സ്‍കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നിന്ന് പരസ്യമായി മൂത്രമൊഴിച്ച അധ്യാപകന്‍റെ നടപടി നാണക്കേടാണെന്നും ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ വകുപ്പിലെ സ്‍കൂള്‍ വിഭാഗം ഇന്‍സ്‍പെക്ടര്‍ അയച്ചിരിക്കുന്ന കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
 
ഒരു അധ്യാപകനില്‍ നിന്ന് ഇത്തരമൊരു നടപടി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇത് തീര്‍ത്തും അനുചിതമായ ഒരു പ്രവൃത്തിയാണെന്നും ഇന്‍സ്‍പെക്ടര്‍ പരിതോഷ് ചന്ദ്രദേബ് അധ്യാപകന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നുണ്ട്. കര്‍ശന അച്ചടക്ക നടപടികള്‍ എടുക്കാതിരിക്കുന്നതിന് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം കാരണങ്ങള്‍ വ്യക്തമാക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍