ചെന്നൈ തിരുമുല്ലൈവയലിലെ ഒരു പശു കഴിച്ചത് 52 കിലോ പ്ലാസ്റ്റിക്ക്. മൊബൈല്‍ ചാര്‍ജറും ക്യാരി ബാഗുകളും ഉള്‍പ്പെടെ 52 കിലോ പ്ലാസ്റ്റിക്കാണ് പശു അകത്താക്കിയത്. പശുവിന്റെ വയറുകീറിയാണ് ഇത് പുറത്തെടുത്തത്.
കുറച്ചു ദിവസമായി മലമൂത്ര വിസര്‍ജനം നടത്താന്‍ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഉടമ മുനിരത്‌നം പശുവിനെ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോയത്. ഇടക്കിടെ പശു തന്റെ വയര്‍ കാലു കൊണ്ട് തൊഴിക്കുന്നുമുണ്ടായിരുന്നു. പാലുല്പാദനവും വളരെ കുറവായിരുന്നു. വേപ്പേരിയിലെ തമിഴ്‌നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയില്‍ എത്തിച്ച പശുവിന്റെ ദഹനവ്യവസ്ഥ ആകെ തരാറിലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇതേതുടര്‍ന്ന് പശുവിന്റെ വയറിന്റെ എക്‌സറേ എടുത്ത ഡോക്ടര്‍മാര്‍ തുടര്‍ന്ന് അള്‍ട്രാ സൗണ്ട് സ്‌കാനിംഗും നടത്തി. ഇതോടെ പശുവിന്റെ ജീവന്‍ അപകടത്തിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അഞ്ചര മണിക്കൂര്‍ നീണ്ട അടിയന്തര ശസ്ത്രക്രിയയിലാണ് ആമാശയത്തില്‍ നിന്ന് 52 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ വൈക്‌ട്ട് 4.30നാണ് അവസാനിച്ചത്.