പാര്‍ലമെന്റില്‍ ഒന്നു രണ്ട് തീവ്രവാദികള്‍ ഉണ്ടെന്ന് സാധ്വി പ്രാചി

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (11:51 IST)
പാര്‍ലമെന്റില്‍ ഒന്നു രണ്ട് തീവ്രവാദികള്‍ ഉണ്ടെന്ന് വിവാദ വി‌എച്‌പി നേതാവ് സാധ്വി പ്രാചി. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത പ്രതിപക്ഷത്തെ എം‌പിമാരെയാണ് സാധ്വി പ്രാചി വിമര്‍ശിച്ചത്. പാര്‍ലമെന്റിലും ഒന്നു രണ്ട് തീവ്രവാദികളുണ്ടെന്നും, അവരാണ് കോടതി ശിക്ഷിച്ച യാക്കൂബ് മേമന്റെ മരണത്തെച്ചൊല്ലി വേദനിക്കുന്നതെന്നും, ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നുമാണ് ഇവര്‍ പറഞ്ഞത്.

യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയ ദിനം കോണ്‍ഗ്രസ് എം.പിമാരായ ശശിതരൂര്‍, ദ്വിഗ് വിജയ് സിംഗ് തുടങ്ങിയവര്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതാണ് സാധ്വി പ്രാചിയെ പ്രകോപിപ്പിച്ചത്. ഇന്നലെ കാശ്മീരില്‍ പിടിയിലായ പാക് തീവ്രവാദിയെ ഹിന്ദു സംഘടനകള്‍ക്ക് കൈമാറണമെന്നും, അവര്‍ അയാളെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ഏതായാലും സാധ്വിയുടെ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. പ്രതിപക്ഷം ഇത് രാജ്യസഭയില്‍ ഉന്നയിച്ചേക്കുമെന്നാണ് കരുതുന്നത്. തീപ്പൊരി പ്രസംഗങ്ങളിലൂടെ മുമ്പും സ്വാധ്വി പ്രാചി വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.