സുഷമ സ്വരാജ് അന്തരിച്ചു

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (23:21 IST)
മുതിർന്ന ബി ജെ പി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസായിരുന്നു. കടുത്ത ഹൃദയാഘാതത്തെ  തുടർന്ന് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സുഷമയ്ക്ക് ഹൃദയാഘാതമുണ്ടായത്. അതിന് തൊട്ടുമുന്പുവരെ പ്രവർത്തനനിരതയായിരുന്നു സുഷമ. കശ്‍മീർ ബിൽ സംബന്ധിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് സുഷമ സ്വരാജ് ട്വീറ്റ്‌ ചെയ്തിരുന്നു.

"നന്ദി പ്രധാനമന്ത്രി, ഞാൻ ജീവിതത്തിൽ കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയാണ്" - എന്നായിരുന്നു കശ്‍മീർ വിഷയം പരാമര്ശിച്ചുകൊണ്ടുള്ള സുഷമ സ്വരാജിന്റെ അവസാന ട്വീറ്റ് .

ഒന്നാം മോഡി മന്ത്രിസഭയിൽ അംഗമായിരുന്ന സുഷമ സ്വരാജ് അനാരോഗ്യം മൂലം ഇത്തവണ മത്സരരംഗത്ത് ഉണ്ടായിരുന്നില്ല. എങ്കിലും സജീവരാഷ്ട്രീയത്തിൽ തുടർന്ന സുഷമ രാജ്യത്തെ സുപ്രധാനമായ എല്ലാ വിഷയങ്ങളിലും തന്റെ ഇടപെടൽ നടത്തുകയും പ്രതികരിക്കുകയും ചെയ്തു. കക്ഷിരാഷ്ടീയത്തിന്‌ അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാവായിരുന്നു സുഷമ. ഇറാക്കിൽ കുടുങ്ങിയ മലയാളി നഴ്‌സുമാരുടെ മോചനത്തിനായി കേരളം സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുകയും അതിൽ വിജയം കാണുകയും ചെയ്തത് കേരളം ഒരിക്കലും മറക്കുകയില്ല.
 
1953 ഫെബ്രുവരിയിൽ ഹരിയാനയിലെ അമ്പാലയിലാണ് സുഷമ സ്വരാജ് ജനിച്ചത്. ഏഴുതവണ പാർലമെന്റ് അംഗമായി. ഡൽഹി മുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭാ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യമന്ത്രിയാകുന്ന ആദ്യ വനിതയായിരുന്നു സുഷമ സ്വരാജ്. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപ മന്ത്രിയായിരുന്നു.
 
എബിവിപിയിലൂടെയാണ് സുഷമ സ്വരാജിന്റെ രാഷ്ട്രീയ പ്രവേശം. ഇരുപത്തഞ്ചാം വയസിൽ ഹരിയാനയിൽ മന്ത്രിയായ സുഷമ സ്വരാജ് പിന്നീട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും രാഷ്ട്രീയത്തിൽ മുന്നേറ്റം മാത്രം നടത്തി.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പിയുടെ ജനകീയ മുഖമായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രാലയം സാധാരണ ജനങ്ങൾക്ക് പ്രാപ്യമാക്കി മാറ്റി എന്ന നിലയിലായിരിക്കും വിദേശകാര്യമന്ത്രി എന്ന നിലയിൽ സുഷമയെ ചരിത്രം രേഖപ്പെടുത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article