സിദ്ധാർഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പകപോക്കൽ? ലക്ഷ്യമിട്ടത് ഡികെയെ? - റിപ്പോർട്ടുകളിങ്ങനെ

വ്യാഴം, 1 ഓഗസ്റ്റ് 2019 (16:41 IST)
കഫെ കോഫി ഡേ ഉടമ വി ജി സിദ്ധാർത്ഥയുടെ ആത്മഹത്യയ്ക്ക് കാരണം കർണാടകത്തിലെ രാഷ്ട്രീയക്കളികളെന്ന് സൂചന. ഇന്ത്യൻ ബ്യൂറോക്രസി രാഷ്ട്രീയ ചട്ടുകമായി മാറുമ്പോള്‍ രാജ്യത്തെ  സത്യസന്ധരായ വ്യവസായികൾ തകർന്നടിയുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് സിദ്ധാർത്ഥ.    
 
കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായി സിദ്ധാർത്ഥിനുള്ള ആത്മബന്ധം തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിനും കാരണമായതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ ശിവകുമാർ. അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ പല ആദായനികുതി റെയ്ഡിലും പക്ഷേ ഇരയായത് സിദ്ധാർത്ഥ് ആയിരുന്നു. 
 
വമ്പൻ സാമ്പത്തിക ഇടപാടുകൾ നടത്തിയ ശിവകുമാറിനെ ലക്ഷ്യമിട്ട് 2017ലാണ് ആദായനികുതി റെയ്ഡുകള്‍ നടന്നത്. തുടര്‍ന്ന് മൈന്‍ഡ് ട്രീ എന്ന് കമ്പനിയിലെ ഓഹരി തിടുക്കത്തില്‍ കണ്ടുകെട്ടാന്‍ ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചു. 20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥയ്ക്ക് മൈന്‍ഡി ട്രീയില്‍ ഉണ്ടായിരുന്നത്. കടബാധ്യതകളിൽ നട്ടം തിരിഞ്ഞിരുന്ന സിദ്ധാർത്ഥയ്ക്ക് ഇത് കൂടുതൽ തിരിച്ചടിയാവുകയായിരുന്നു. ആദായനികുതി വകുപ്പിൽ നിന്നും വലിയ സമ്മർദ്ദം നേരിടേണ്ടി വന്നുവെന്ന് സിദ്ധാർത്ഥ് അവസാനമെഴുതിയ കുറിപ്പിലും വ്യക്തമാക്കിയിരുന്നു. 
 
അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാന ലക്ഷ്യം ശിവകുമാർ ആയിരുന്നു. എന്നാൽ, അതിൽ പലതും പൊള്ളിച്ചത് സിദ്ധാർത്ഥയെ ആയിരുന്നു. അദ്ദേഹത്തിനത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമ്പോൾ അതിന്റെ ഇരകളാകുന്നത് സത്യസന്ധരായ വ്യവസായികളാണെന്നതിന്റെ തെളിവാണ് സിദ്ധാർത്ഥ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍