ഗാന്ധി കുടുംബത്തിൽ നിന്ന് ആരും വേണ്ട, പ്രിയങ്ക വേണ്ട; നിർദേശം ആവർത്തിച്ച് രാഹുൽ ഗാന്ധി

ബുധന്‍, 31 ജൂലൈ 2019 (15:18 IST)
തന്റെ പിൻഗാമിയായി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്ന് ആരെയും നിയമിക്കരുതെന്ന് രാഹുൽ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് രാഹുലിന്റെ ഇടപെടൽ. രാഹുലിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ നീളുന്ന സാഹചര്യത്തിൽ രണ്ട് ദിവസത്തിനകം പാർട്ടി ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചനകൾ. രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അധ്യക്ഷനെ കണ്ടെത്താനാകാത്തത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതായി ശശി തരൂര്‍ എംപി പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. 
 
ഈ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയത്. ആഗസറ്റ് ആദ്യ വാരം ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തിലാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത് താല്‍ക്കാലിക പരിഹാരത്തിന് ശ്രമം നടക്കുന്നതായും സൂചനയുണ്ട്.
 
പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കുമെങ്കിലും രാഹുല്‍ ഗാന്ധി ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സാധ്യത. അധ്യക്ഷനായി ആരെ തെരഞ്ഞെടുത്താലും കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഗാന്ധി കുടുംബത്തിന്റെ കൈകളില്‍ തന്നെയാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ വ്യക്തമാകുന്നത്. പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നും സോണിയ ഗാന്ധി ചുമതല ഏറ്റെടുക്കണമെന്നും ആവശ്യപ്പെടുന്ന നേതാക്കളുമുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ആരെങ്കിലും മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍