വിദേശത്ത് പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട യുവതിക്ക് സുഷമാ സ്വരാജ് രക്ഷയ്ക്കെത്തി

Webdunia
ചൊവ്വ, 5 മെയ് 2015 (18:22 IST)
വിദേശത്ത്  പണവും പാസ്പോര്‍ട്ടും നഷ്ടപ്പെട്ട യുവതിക്ക് തത്സമയം സഹായമെത്തിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.  യുവതിയുടെസഹായാഭ്യര്‍ഥന അവഗണിച്ച ഇന്ത്യന്‍ എംബസി അധികൃതരെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ മന്ത്രി തീര്‍പ്പാക്കുകയായിരുന്നു. അഗ്രതാ ദിനകരന്‍ എന്ന യുവതിക്കാണ്‌ മന്ത്രിയുടെ ഇടപെടല്‍ തുണയായത്.

ബാംഗ്ലൂര്‍ സ്വദേശിനിയായ അഗ്രതാ ദിനകരന് പണവും പാസ്പോര്‍ട്ടും നഷ്ട്ടമായത് ബര്‍ലിനില്‍ വച്ചാണ്. ഈ വിവരം സൂചിപ്പിച്ച് അഗ്രത ഇന്നലെ തന്റെ ട്വിറ്റര്‍ അകൌണ്ടില്‍ ട്വീറ്റ് ചെയ്തു. തുടര്‍ന്ന് റ്റ്വിറ്ററില്‍ ലഭിച്ച നിര്‍ദ്ദേശം അനുസരിച്ച് ഇവര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തന സമയം കഴിഞ്ഞു എന്നാണ് ഇന്റ്ന്യന്‍ എംബസിയില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ച മറുപടി. സഹായം അഭ്യര്‍ത്ഥിച്ച് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോനീക്കവും തത്‌സമയം യുവതി ട്വിറ്ററില്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ഇതറിഞ്ഞ കേന്ദ്ര വിദേശകാര്യ വകുപ്പു മന്ത്രി സുഷമാ സ്വരാജാണ്‌ അപ്രതീക്ഷിതമായി യുവതിക്ക് ആശ്വാസമായി എത്തിയത്.

യുവതിയുടെ ടെലിഫോണ്‍ നമ്പറും മറ്റു വിവരങ്ങളും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.  ഭയപ്പെടേണ്ടതില്ലെന്നും താമസിയാതെ തന്നെ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. സുഷമാ സ്വരാജിന്റെ നിര്‍ദേശപ്രകാരം ഉടനെതന്നെ എംബസി അധികൃതര്‍ യുവതിയുമായി ബന്ധപ്പെട്ട് സഹായമെത്തിച്ചു. സഹായം ഉറപ്പാക്കാന്‍  സുഷമാസ്വരാജും യുവതിയുമായി നേരിട്ടു ബന്ധപ്പെട്ടതായി യുവതിയുടെ ട്വിറ്ററില്‍ പറയുന്നു. സോഷ്യൽ മീഡിയയ്ക്കും സർക്കാരിനും നന്ദി അറിയിക്കാനും അഗ്രത മറന്നില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.