ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.
അയരാജ്യങ്ങളുമായും ആഫ്രിക്ക, ആസിയാന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അയല്‍രാജ്യമായ പാകിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇന്ത്യയ്ക്കു നേരെയുള്ള ഭീകര പ്രവര്‍ത്തനം പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
സ്ഫോടനങ്ങളുടെ ശബ്ദത്തില്‍ ചര്‍ച്ചകള്‍ക്കുടെ ശബ്ദം മുങ്ങിപ്പോവും. അതിനാലാണ് സ്ഫോടനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പറഞ്ഞതും ഇതേ കാര്യമാണെന്ന് സുഷമ ചൂണ്ടിക്കാട്ടി.
മുംബയ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.