സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനാകും. ഇതുസംബന്ധിച്ചു കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സുരേഷ് ഗോപിക്ക് ഉറപ്പ് ലഭിച്ചു. നിയമിച്ച് കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്നുണ്ടായേക്കും. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആയിരിക്കും സുരേഷ്ഗോപി.
ഈ വിഷയം സംബന്ധിച്ച് ധനമന്ത്രി അരുൺ ജയ്റ്റ്ലി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് എന്നിവരുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.
ഇതുവരെ ഒരു സംഘടനയുടെയും സ്ഥാപനത്തിന്റെയും ഭാരവാഹിയാകാത്ത സുരേഷ് ഗോപിക്ക് ഈ സ്ഥാനം ലഭിച്ചാല്‍ അതും പുതുമയാകും. കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ സ്ഥാനം കൂടിയാകും ഇത്. നേരത്തെ ഇ.ശ്രീധരനെ ദേശീയ റെയില്‍വേ ഉപദേശകസമിതിയില്‍ നിയമിച്ചിരുന്നു.