ജയലളിതയ്ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം; പൊതുപ്രവര്‍ത്തക വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ സന്നദ്ധയായിരിക്കണം

ബുധന്‍, 24 ഓഗസ്റ്റ് 2016 (13:41 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നേരെ സുപ്രിം കോടതിയുടെ വിമര്‍ശനം. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് സുപ്രിംകോടതി ജയലളിതയെ ഓര്‍മ്മിപ്പിച്ചു. തമിഴ്‌നാട്ടിലെ നേതാക്കള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കവെയാണ് പരാമര്‍ശം. 
 
നിയമം ദുരുപയോഗം ചെയ്യരുതെന്നും മാനനഷ്ടക്കേസ് നല്‍കി ജനാധിപത്യ അവകാശങ്ങള്‍ തടയരുതെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. അഞ്ച് വര്‍ഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 55 കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെയും 85 കേസുകള്‍ ജയലളിതയുടെ പ്രധാന എതിരാളികളായ ഡിഎംകെയ്‌ക്കെതിരെയുമാണ് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. 
 
നടനും രാഷ്ട്രീയ നേതാവുമാ വിജയ്കാന്തിനെതിരെ 68 കേസുകളാണ് ജയലളിത ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 28 എണ്ണം മാനനഷ്ടകേസുകളാണ്. ജയലളിതയ്ക്കും പാര്‍ട്ടിക്കുമെതിരെയും വിജയ്കാന്ത് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്ന് അടക്കമുള്ള പരാമര്‍ശങ്ങള്‍ ജയലളിതയെ ചൊടിപ്പിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക