സര്‍ക്കാര്‍ ജീവനക്കാരെ കുറ്റപത്രം നല്‍കാതെ 90 ദിവസത്തിലധികം സസ്പെന്‍ഡ് ചെയ്യരുത്: സുപ്രീം കോടതി

ചൊവ്വ, 17 ഫെബ്രുവരി 2015 (13:11 IST)
കുറ്റപത്രം നല്‍കാതെ സര്‍ക്കാര്‍ ജീവനക്കാരെ 90 ദിവസത്തിലധികം സസ്പെന്‍ഡ് ചെയ്യരുതെന്നും. സസ്പെന്‍ഷന്‍ കാലാവധി നീട്ടണമെങ്കില്‍ അതിനു കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണെന്നും സുപ്രീം കോടതി. കുറ്റപത്രം നല്‍കാതെയുള്ള അനിശ്ചിതകാല സസ്പെന്‍ഷന്‍ മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും. കുറ്റപത്രം നല്‍കാതെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാവുന്ന പരമാവധി കാലാവധിയാണ് 90 ദിവസമെന്നും കോടതി വ്യക്തമാക്കി.

ആരോപണത്തിന്റെ പേരില്‍ കൃത്യമായ തെളിവുകളും നടപടികളില്ലാതെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്ന രീതി മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ സസ്പെന്‍ഷന്‍ നീട്ടുന്നതിന് തടസമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ആരോപണ വിധേയനാകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളുടെ അവസ്ഥയും, ഇയാള്‍ക്ക് സമൂഹത്തിലുള്ള നിലയും വിലയും കണക്കിലെടുക്കണമെന്നും. സ്വാഭാവിക നീതിയുടെ ലംഘനമാണ് കുറ്റപത്രം നല്‍കാതെ ജീവനക്കാരെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്ന രീതിയിലൂടെ നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായ അജയ്കുമാര്‍ ചൌധരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ച് ഇത്തരത്തില്‍ ഉത്തരവിട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക