പരിഷ്‌കൃതസമൂഹത്തിന് ചേരില്ല: ജെല്ലിക്കെട്ടിന് സുപ്രീംകോടതിയുടെ സ്റ്റേ

Webdunia
ചൊവ്വ, 12 ജനുവരി 2016 (14:14 IST)
തമിഴ്‌നാട്ടിലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന ജെല്ലിക്കെട്ടിന് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനുഷ്യരുടെ വിനോദത്തിനായി മൃഗങ്ങളെ ഉപയോഗിക്കുകയാണെന്നും മൃഗങ്ങളെ പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ള്യുബിഐ), വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരാണു സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

21-മത് നൂറ്റാണ്ടിനു ചേര്‍ന്നതല്ല ജെല്ലിക്കെട്ടെന്നും മൃഗങ്ങളെ ഇത്ര മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന വിനോദം അനുവദനീയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് വിശദമായ വിധി പ്രഖ്യാപിച്ചിരുന്നതാണെന്നും കോടതി വ്യക്തമാക്കി.

2014 ൽ ജെല്ലിക്കെട്ടിന് സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥകളോടെ ജെല്ലിക്കെട്ടിന് അനുമതി നൽകി വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ കടുത്ത സമ്മർദത്തെത്തുടർന്നാണു മൃഗാവകാശ സംഘടനകളുടെ എതിർപ്പ് മറികടന്നും കേന്ദ്രസർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകുകയായിരുന്നു.