പഞ്ചാബികളെ മണ്ടന്‍‌മാരായി ചിത്രീകരിക്കുന്നു; സര്‍ദാര്‍ജി ഫലിതങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും- സിഖ് സംഘടന സുപ്രീംകോടതിയില്‍

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2016 (17:01 IST)
സര്‍ദാര്‍ജി ഫലിതങ്ങളില്‍ പഞ്ചാബികളെ മണ്ടന്‍‌മാരായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സിഖ് സംഘടന സുപ്രീംകോടതിയിലേക്ക്. പഞ്ചാബില്‍നിന്നുള്ള ജനങ്ങളെ ഫലിതങ്ങളില്‍ ഉള്‍പ്പെടുത്തി വിഡ്ഢികളായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഡല്‍ഹിയിലെ സിഖ് സംഘടനയായ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയാണ് കോടതിയെ സമീപിക്കുന്നത്. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.

സര്‍ദാര്‍ജി ഫലിതങ്ങളില്‍ പഞ്ചാബികളെ മണ്ടന്‍‌മാരാക്കുന്ന തരത്തിലുള്ള തമാശകള്‍ ഒഴിവാക്കണം. ഇന്റര്‍നെറ്റുകളിലും സോഷ്യല്‍ മീഡിയകളിലും ഫലിതങ്ങളുടെ പേരില്‍ ആക്ഷേപം നേരിടുകയാണ്. പലതും വംശീയമായ അധിക്ഷേപം ഉള്‍ക്കൊള്ളുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രചരിക്കുന്ന സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിയന്ത്രണത്തിന് സാധ്യമായ നിര്‍ദ്ദേശങ്ങള്‍ ആറാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.