ദയാവധം: സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ചു

Webdunia
ബുധന്‍, 16 ജൂലൈ 2014 (15:02 IST)
രാജ്യത്ത് ദയാവധം നിയമ വിധേയമാക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. ഈ വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം മറുപടി വ്യക്തമാക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍ സോളിസിറ്റർ ജനറൽ ടിആർ അന്ധ്യാരുജിനയെ കേസിൽ സഹായിക്കുന്നതിനായി സുപ്രീംകോടതി അമിക്കസ്‌ ക്യൂറിയായി നിയമിക്കുകയും ചെയ്തു.

ദയാവധം ആത്മഹത്യക്ക് തുല്യമാണെന്നും അതിനാല്‍ ദയാവധം രാജ്യത്ത് അനുവദിക്കരുതെന്നും കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ പറഞ്ഞു. എൻജിഒ സംഘടനയായ കോമൺ കോസ് അടക്കമുള്ളവ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റീസ് ആർഎം ലോധ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.

നേരത്തെ മനുഷ്യാവകാശ പ്രശ്നങ്ങളുള്ളതിനാൽ ഇത് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. 2011 മാർച്ചിൽ കർശന മാർഗനിർദ്ദേശങ്ങളോടെ സാവധാനമുള്ള ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

മെഡിക്കൽ ബോർഡിന്റേയും സംസ്ഥാന സർക്കാരിന്റേയും സമ്മതം വാങ്ങിയ ശേഷം ഹൈക്കോടതിയുടെ അനുമതിയും നേടിയ ശേഷമെ ദയാവധം അനുവദിക്കാവുവെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ദയാവധം നിയമപരമാക്കുന്നത് സംബന്ധിച്ച പാർലമെന്റ് നിയമം പാസാക്കുന്നത് വരെ ഈ ഉത്തരവ് നിലനിൽക്കുമെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.