ജഡ്ജിമാരുടെ ചികിത്സാച്ചെലവ് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി

Webdunia
വ്യാഴം, 2 ജൂലൈ 2015 (15:11 IST)
ജഡ്ജിമാരുടേയും കുടുംബാംഗങ്ങളുടേയും ചികിത്സയ്ക്ക് ചെലവാകുന്ന തുക എത്രയെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ചികിത്സാ ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ സുഭാഷ് ചന്ദ്ര അർവാൾ സമർപ്പിച്ച  ഹ‌ർജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ബെ‌ഞ്ചിന്റെ ഉത്തരവ്.

നേരത്തെ സുഭാഷ് ചന്ദ്രയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ തീര്‍പ്പുണ്ടായത്. ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ആണ് ഹാജരായത്. പൊതുപണം ഏത് തരത്തിൽ ഉപയോഗിക്കപ്പെടുന്നു എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന ഭൂഷണിന്റെ വാദം കോടതി തള്ളി.   ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടേയും ചികിത്സയ്ക്ക് ചെലവാകുന്ന  തുക കേന്ദ്ര സർക്കാർ തിരിച്ചു കൊടുക്കുന്ന സംവിധാനം നിലവിലുണ്ട്. ഇതിന്റെ വിവരങ്ങളാണ് ഹര്‍ജിക്കാരി ചോദിച്ചത്.

ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് ജഡ്ജിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. എല്ലാവരുടേയും സ്വകാര്യത മാനിക്കണമെന്നും ഒരിക്കൽ ഇത്തരം വിവരങ്ങൾ പുറത്തു വിട്ടാൽ മറ്റു കാര്യങ്ങളെ കുറിച്ചും ചോദ്യം ഉയരും. ഇന്ന് ചെലവിനെ കുറിച്ച് ചോദിച്ചയാൾ നാളെ മരുന്നുകൾ ഏതൊക്കെയാണെന്ന് അന്വേഷിക്കും. അസുഖം എന്താണെന്നായിരിക്കും അടുത്ത ചോദ്യം. ഇത്തരം ചോദ്യങ്ങൾ പിന്നീട് തുടർന്നു കൊണ്ടിരിക്കും- ദത്തു പറഞ്ഞു.