മതത്തെ തൊടാന്‍ സുപ്രീംകോടതിക്കും ഭയം, മൃഗബലിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (13:07 IST)
രാജ്യത്ത് മതപരമായ ആചാരങ്ങളുടെ ഭാഗമായി ദേവപ്രീതിക്കായി മൃഗങ്ങളെ ബലികൊടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാന്‍ വിമുഖത പ്രകടിപ്പിച്ച കോടതി മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന വിഷയമാണിതെന്നും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എച്ച് എല്‍ കെ ദത്ത്, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

എല്ലാ വിശ്വാസങ്ങളേയും മതങ്ങളേയും ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ടത് കോടതിയാണെന്നും എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന ആക്ടില്‍ മൃഗബലി നടത്തുന്നതിന് അനുവാദമുണ്ടെന്നും കോടതി പറഞ്ഞു. മാത്രമല്ല വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടുപോരുന്ന ആചാരാനുഷ്ഠാനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ചെന്നൈ സ്വദേശിയും പത്രപ്രവര്‍ത്തകനുമായ വരാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സീനിയര്‍ കൗണ്‍സെല്‍ രാജു രാമചന്ദ്രനാണ് വരാക്കിക്കുവേണ്ടി ഹാജരായത്. മതപരമായ ചടങ്ങുകളില്‍ മൃഗങ്ങളെ അറക്കുന്നത് പരിശീലനം ലഭിക്കാത്തവരാണെന്നും കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചാണ്  പലപ്പോഴും ഇത്തരത്തിലുള്ള ആചാരങ്ങളും അനുഷ്ഠിക്കുന്നതെന്നും രാജു രാമചന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും വിഷയം മതപരമായതിനാല്‍ കോടതി പിന്‍‌മാറുകയായിരുന്നു.