സുനന്ദ പുഷ്‌കര്‍ കൊലപാതക്കേസിലെ മൊഴികളുടെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡല്‍ഹി പോലീസ്. കേസില്‍ ഇതുവരെ ചോദ്യം ചെയ്ത മൂന്നു തവണയും പറഞ്ഞ മൊഴികളില്‍ വൈരുധ്യം ഉള്ളത് ചൂണ്ടിക്കാട്ടി അറസ്റ്റ് ഉള്‍പ്പടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് തരൂരിന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇതുവരെ കേസില്‍ ചോദ്യം ചെയ്തവര്‍ നല്‍കിയ മൊഴിയും തരൂര്‍ മൂന്നു ഘട്ടം ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നും പൊലിസ് വ്യക്തമാക്കുന്നു.ഐപിഎല്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വ്യാഴാഴ്ചത്തെയും വെള്ളിയാഴ്ചത്തെയും ചോദ്യം ചെയ്യല്‍. സുനന്ദ പുഷ്‌കര്‍, ഐപിഎല്ലുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്താനിരിക്കുകയായിരുന്നെന്ന മാധ്യമപ്രവര്‍ത്തക നളിനി സിംഗിന്റെയും സുനന്ദയുടെ മകന്‍ ശിവ് മേനോന്റെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു തരൂരിനോടുള്ള ചോദ്യങ്ങള്‍.
എന്നാല്‍ ഇക്കാര്യത്തില്‍ തരൂരിനെ രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും വിരുദ്ധമായ മൊഴികളാണ് തരൂര്‍ നല്‍കിയത്. കൂടാതെ തരൂരിന്റെ ഡല്‍ഹിയിലെ വസതിയിലെ സഹായി നാരായണ്‍ സിംഗിന്റെ മൊഴിയും തരൂരിന്റെ മൊഴിയും പരിപൂര്‍ണമായും വിരുദ്ധമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമൊന്നിച്ച് ദുബായില്‍ കഴിഞ്ഞതിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
എന്നാല്‍ മൊഴികളിലെ ഈ വൈരുദ്ധ്യം ഡല്‍ഹി പൊലീസ് ഗൗരവമായാണ് എടുത്തിരിക്കുന്നത്. അതിനാല്‍ തരൂരിനെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഡല്‍ഹി പൊലീസ് കമ്മീഷര്‍ ബസിക്കു മുമ്പാകെ അന്വേഷണസംഘം തരൂരിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതിക്കായി ആവശ്യമുന്നയിച്ചതായും സൂചനകളുണ്ട്. അനുമതി ലഭിച്ചാല്‍ തരൂരിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.