രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും വിവാഹിതരായ പുരുഷന്മാര്‍...!
ഞായര്‍, 26 ജൂലൈ 2015 (12:16 IST)
സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു ആത്മഹത്യകള്‍ പെരുകുന്നു എന്നൊക്കെ ലറിവിളിക്കുന്ന ഫെമിനിസ്റ്റുകള്‍ വായിച്ചറിയാന്‍. ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നത് കൂടുതലും വിവാഹിതരായ പുരുഷന്മാരാണ്. മാത്രമല്ല 18 വയസിനു മുകളില്‍ ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷന്മാരാണെന്നും കനക്കുകള്‍. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയില്‍ കുടുംബജീവിതം അനുഭവിക്കുന്നവരില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്‌ത്രീകളേക്കാള്‍ വളരെ കൂടുതലാണെന്ന് ക്രൈം റേക്കോഡുകള്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2014 ല്‍ ആത്മഹത്യ ചെയ്‌തത് 60,000 വിവാഹിതരായ പുരുഷന്മാര്‍. സ്‌ത്രീകളുടെ എണ്ണം വെറും 27,000 മാത്രമായിരുന്നു. വിവാഹമോചനവും പങ്കാളിയുടെ മരണവും പുരുഷന്മാരെ കൂടുതല്‍ വിഷാദികളാക്കി മാറ്റുന്നതായും ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത ഗൗരവതരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ കാലയളവിൽ ആത്മഹത്യ ചെയ്ത ഭാര്യമാർ മരിച്ച പുരുഷൻമാരുടെ എണ്ണം 1,400 ആണ്. ഭർത്താക്കൻമാർ മരിച്ച 1,300 സ്ത്രീകളും ഇക്കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് എൻസിആർബിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു.
വിവാഹമോചന അവസ്‌ഥയില്‍ ആത്മഹത്യ ചെയ്‌തത് 550 പുരുഷന്മാരാണ്. എന്നാല്‍ സ്‌ത്രീകളുടെ എണ്ണം 410 ആയിരുന്നു. വിവാഹിതരിലെ ആത്മഹത്യാ ശതമാനം 66 ആണ്. വിവാഹം കഴിച്ചിട്ടില്ലാത്തവരുടെ എണ്ണം 21 ശതമാനവും. പങ്കാളി മരിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്‌തവരുടെ എണ്ണം 3 ശതമാനമായിരുന്നു. വിവിധ കാരണങ്ങള്‍ കൊണ്ട് ആത്മഹത്യയില്‍ അഭയം പ്രാപിച്ച പുരുഷന്മാരുടെ എണ്ണം സ്‌ത്രീകളുടെ രണ്ടു മടങ്ങാണ്. 2014 ല്‍ 90,000 പുരുഷന്മാര്‍ ജീവനൊടുക്കിയപ്പോള്‍ 42,000 മാത്രമായിരുന്നു സ്‌ത്രീകളുടെ എണ്ണം.
18 വയസിനുള്ളിൽ ജീവനൊടുക്കുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം ഏകദേശം തുല്യമാണെങ്കിലും പ്രായം കൂടുന്തോറും പുരുഷൻമാരിലെ ആത്മഹത്യാ പ്രവണത കൂടിവരുന്നതായും കണക്കുകൾ വെളിപ്പെടുത്തുന്നു. 2014ൽ 18 വയസിന് താഴെയുള്ള 5,500 ആൺകുട്ടികളും 5,300 പെൺകുട്ടികളും ആത്മഹത്യ ചെയ്തു. അതേ സമയം, 18-30 വയസിനിടയിൽ ആത്മഹത്യ ചെയ്തവരിൽ 60 ശതമാനവും, 30-45 വയസിനിടയിൽ ജീവനൊടുക്കിയവരിൽ 72 ശതമാനവും 45-60 വയസിനിടയിൽ ആത്മഹത്യ ചെയ്തവരിൽ 80 ശതമാനവും പുരുഷൻമാരാണത്രെ.