കാര്‍ഷിക മേഖലയ്ക്ക് നല്‍കിവരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണമെന്ന് ലോക വ്യാപാരസംഘടനിയില്‍ അമേരിക്കന്‍ നിലപാട്. എന്നല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ലോകവ്യാപാര സംഘടനയുടെ മന്ത്രിതല ഉച്ചകോടി ഡിസംബറില്‍ നെയ്‌റോബിയില്‍ നടക്കാനിരിക്കെയാണ് യുഎസ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയില്‍ നല്‍കുന്ന ഇന്ധന സബ്‌സിഡി, വളം സബ്‌സിഡി, താങ്ങുവില സമ്പ്രദായം എന്നിവ എടുത്തുകളയുക എന്നതാണ് യുഎസ് നിര്‍ദ്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍ദേശത്തിന്റെ കരട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
എന്നാല്‍ നിര്‍ദ്ദേശത്തേ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. . നേരത്തെ ദോഹവട്ട ചര്‍ച്ചകളിലും ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അന്ന് സ്വീകരിച്ച നിലപാട് തന്നെയായിരിക്കും നെയ്‌റോബിയില്‍ ഇന്ത്യ സ്വീകരിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 28ന് നടക്കുന്ന മോഡി, ഒബാമ കൂടിക്കാഴ്ചയില്‍ കാര്‍ഷിക സബ്‌സിഡി സംബന്ധിച്ച വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
കാര്‍ഷിക മേഖലയില്‍ സബ്സിഡി നല്‍കിയാണ് ഇന്ത്യ കര്‍ഷകരെ സഹായിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം വളം സബ്‌സിഡി ഇനത്തില്‍ 73,000 കോടി രൂപയാണ് ഇന്ത്യ നീക്കിവച്ചിട്ടുള്ളത്. ഇതിന് പുറമെയാണ് ഡീസല്‍, ഇലക്ട്രിസിറ്റി സബ്‌സിഡികള്‍. ഇവ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്താല്‍ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാകും ഉണ്ടാകുക.