പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ കടുത്ത സാമ്പത്തിക നടപടികള്‍ നടപ്പിലാക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരേ ബിജെപിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയരുന്നതായി വാര്‍ത്തകള്‍. മോഡിയുടെ 'കടുത്ത നടപടി'കള്‍ക്കെതിരെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം മോഡിയുടെ നയങ്ങളോടുള്ള ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയാണ് വെളിവാക്കുന്നത്.
മോഡി ഒരു സാമ്പത്തീക തന്ത്രജ്ഞനല്ല, സാമ്പത്തീക നയങ്ങളെക്കുറിച്ച് മനസിലാക്കാന്‍ അദ്ദേഹത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു.രാജ്യത്തിന്റെ സാമ്പത്തീക പുരോഗതിക്ക് കടുത്ത നടപടികള്‍ വേണമെന്ന മോഡിയുടെ നിലപാട് ചിലരുടെ ശ്രമഫലമാണെന്നും അവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് സ്വാമി പറയുന്നത്.
ഇതാദ്യമായാണ് മോഡി സര്‍ക്കാരിന്റെ വില വര്‍ദ്ധനയുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്കെതിരെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന അംഗം പരസ്യമായി പ്രതികരിക്കുന്നത്. റെയില്‍ വേ നിരക്ക് വര്‍ദ്ധനയ്‌ക്കെതിരേയും സുബ്രഹ്മണ്യം സ്വാമി ശക്തമായി പ്രതികരിച്ചു. റെയില്‍ വേയുടെ വരുമാനം ഉയര്‍ത്താന്‍ നിരക്ക് വര്‍ദ്ധനവല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.