നേതാജിക്ക് എന്തുസംഭവിച്ചു, നെഹ്റുവിന് വന്ന കത്തില്‍ എന്തായിരുന്നു- ദുരൂഹതകൾക്ക് ഇന്ന് വിരാമമാകും

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:35 IST)
1945ലെ വിമാനപകടത്തിൽ സുഭാഷ് ചന്ദ്രബോസ് മരിച്ചിരുന്നോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നേതാജിയെ സംബന്ധിച്ച എല്ലാ സർക്കാർ ഫയലുകളും പരസ്യപ്പെടുത്തുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1937 മുതൽ 1947 വരെയുള്ള രേഖകളുടെ ഡിജിറ്റിലൈസേഷൻ നടപടികൾ കൽക്കത്ത സെക്രട്ടറിയേറ്റിൽ പുർത്തിയായി. ജവഹര്‍ലാല്‍ നെഹറു അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കളെക്കുറിച്ചുള്ള നേതാജിയുടെ അഭിപ്രായങ്ങളടങ്ങുന്ന കുറിപ്പും ഇന്ന് പുറത്ത് വിടും.

അതേസമയം, സുഭാഷ് ചന്ദ്രബോസ് മരിച്ചെന്ന വാര്‍ത്തകള്‍ പരക്കുബോഴും മഹാത്മാ ഗാന്ധി അങ്ങനെ ചിന്തിച്ചിരുന്നില്ല എന്നതും പ്രധാനമായ കാര്യമാണ്. 1945 ഓഗസ്റ്റ് 18ന് തായ്ഹോക്കുവിലുണ്ടായ വിമാനാപകടത്തിനു എട്ടു മാസങ്ങൾക്കു ശേഷവും അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നതായി വ്യക്തമാകുന്നത്. നേതാജി ജീവനോടെ എവിടെയോ ജീവിക്കുന്നുണ്ടെന്ന് ഗാന്ധിജി ഉറപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഗാന്ധിജി പലയിടത്തും പ്രസ്‌‌താവനകള്‍ നടത്തുകയും ചെയ്‌തിരുന്നു. ഈ സംശയങ്ങള്‍ക്കെല്ലാമാണ് ഇന്ന് ഉത്തരം വരുന്നത്. നേതാജി ജീവനോടെയുണ്ടെന്ന് ഉറച്ച് വിശ്വസിച്ച വ്യക്തിയാണ് ഗാന്ധിജി.

താൻ റഷ്യയിലുണ്ടെന്നും ഇന്ത്യയിലേക്കു രക്ഷപെടണമെന്നും കാട്ടി നെഹ്റുവിന് നേതാജിയുടെ കത്തുവന്നെന്നുള്ള ഒരു രഹസ്യ റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍, സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നും, അതല്ല രണ്ടാംലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നുമിങ്ങനെ നിരവധി ഊഹാപോഹങ്ങളാണ് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി പരക്കുന്നത്. ഇതിനിടെ നേതാജിയുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന കത്തുകൾ ഉൾപ്പെടെയുളള വിവരങ്ങൾ നെഹ്‌റു സർക്കാർ ബ്രിട്ടന് ചോർത്തിക്കൊടുത്തതായും വിവരം പുറത്തുവന്നിരുന്നു.