കുട്ടിക്കുറ്റവാളികള്‍ക്ക് ഇനിമുതല്‍ കടുത്ത ശിക്ഷ

Webdunia
വ്യാഴം, 7 ഓഗസ്റ്റ് 2014 (08:31 IST)
ഗൗരവമേറിയ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളികള്‍ക്ക് ഇനിമുതല്‍ കടുത്ത ശിക്ഷ. ശിക്ഷ ഉറപ്പാക്കുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി.
 
പുതിയ ഭേദഗതിയിലൂടെ 16 വയസിന് മുകളിലും 18 വയസിന് താഴെയുമുള്ളവര്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോ‌ര്‍ഡിന് സാധാരണ ക്രമിനല്‍ കോടതിയിലേക്ക് കേസ് കൈമാറണോയെന്ന് തീരുമാനിക്കാം. 
 
എന്നാല്‍ ഇത്തരം കേസുകളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാന്‍ സാധാരണ വിചാരണ കോടതികള്‍ക്ക് അധികാരമില്ലെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ശിശു ക്ഷേമ മന്ത്രാലയം തയ്യാറാക്കിയ ഭേദഗതിക്ക് നിയമമന്ത്രാലയം കഴിഞ്ഞാഴ്ച അംഗീകാരം നല്‍കിയിരുന്നു.