സ്‌പൈസ് ജെറ്റിനെ വീണ്ടും പറത്താന്‍ നിക്ഷേപ കൂട്ടായ്മ

Webdunia
തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (11:12 IST)
സാമ്പത്തിക പ്രതിസന്ധിയിലായ സ്‌പൈസ് ജെറ്റിനെ രക്ഷിക്കാന്‍ സഹസ്ഥാപകന്‍ അജയ്‌സിങ്ങിന്റെ നേതൃത്വത്തില്‍ നിക്ഷേപ കൂട്ടായ്മ. ബിജെപിയോട് ഏറെ അടുപ്പമുള്ള അജയ്സിംഗിന്റെ നേതൃത്വത്തില്‍ നിക്ഷേപ കൂട്ടായ്മ ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയ മാനങ്ങളുമുണ്ടെന്ന് വിപണി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 2010ല്‍ വിറ്റ സ്പൈസ് ജെറ്റിന്റെ 58 ശതമാനം ഓഹരികളും അജയ് സിങ് തിരിച്ചുവാങ്ങിയേക്കുമെന്നാണ് അറിയുന്നത്.

അമേരിക്ക ആസ്ഥാനമായുള്ള സ്വകാര്യ ഓഹരിയിടപാട് സ്ഥാപനം ഇന്‍ഡിഗോ പാര്‍ട്ട്‌ണേഴ്‌സ്, ടിപിജി കാപ്പിറ്റല്‍,  ജെപി മോര്‍ഗന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവരാണ് അജയ്സിംഗിനോടൊപ്പം നിക്ഷേപ കൂട്ടയ്മയില്‍ പങ്കെടുക്കുക എന്നാണ് വിവരം. ആകെ 1,400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഇവര്‍ ഒരുങ്ങുന്നത്. ഈ കൂട്ടായ്മ നിക്ഷേപം നടത്തുന്നതൊടെ  സ്‌പൈസ് ജെറ്റില്‍ 76 ശതമാനം ഓഹരി കൂട്ടായ്മയ്ക്കാകും.

അന്താരാഷ്ട്ര തലത്തില്‍ വിമാന സര്‍വീസ് നടത്തുന്നതില്‍ പരിചയമുള്ള കമ്പനിയാണ് ഇന്‍ഡിഗോ പാര്‍ട്ട്‌ണേഴ്‌സ്. സ്‌പൈസ് ജെറ്റില്‍ 26 ശതമാനം പങ്കാളിത്തം ഉറപ്പിക്കുകയാണ് ഇന്‍ഡിഗോ പാര്‍ട്ട്‌ണേഴ്‌സിന്റെ ലക്ഷ്യം. ഇതോടെ കമ്പനിയില്‍ നിര്‍ണായക സ്വാധീനം നേടാനാകും. പുതിയ ഇടപാട് സംബന്ധിച്ച് ഇരുകൂട്ടരും പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ കുടിശ്ശിക കഴിഞ്ഞ ദിവസം 1,230 കോടി രൂപയായി ഉയര്‍ന്നിരുന്നു. രക്ഷാ പദ്ധതി അവതരിപ്പിക്കാന്‍ 2-3 ആഴ്ചയാണ് കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.