കേരളത്തിലും ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ഫാസ്റ്റ് തീവണ്ടി പരിഗണിക്കുന്നു. തിരുവനന്തപുരം- ചെന്നൈ റൂട്ടിലായിരിക്കും ഡബിള്‍ ഡെക്കര്‍. ഇതിനായുള്ള പരിശോധനകള്‍ ആരംഭിച്ചതായാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന. നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ബാംഗ്ലൂര്‍- മദ്രാസ് റൂട്ടില്‍ ഒരു ഡെബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടി ഓടുന്നുണ്ട്.
കേരളത്തിലേതുള്‍പ്പെടെ വൈദ്യുതലൈനുകളും മേല്‍പാലങ്ങളും തുരങ്കങ്ങളും തീവണ്ടിയുടെ സര്‍വ്വീസിനെ ബാധിക്കുമോയെന്നതാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുന്നത്. തീവണ്ടിയുടെ ഉയരം വര്‍ധിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം സര്‍വ്വീസിനെ ബാധിക്കും. അത് പരിഹരിക്കാനായി ഉയരം അധികം വര്‍ദ്ധിപ്പിക്കാതെയാകും തീവണ്ടികള്‍ നിര്‍മ്മിക്കുക.
ബര്‍ത്തില്ലാത്ത രീതിയില്‍ ഇരുന്ന് യാത്ര ചെയ്യാവുന്ന സൗകര്യമായിരിക്കും ഉണ്ടാകുക. സൂപ്പര്‍ ഫാസ്റ്റായതിനാല്‍ ഡബിള്‍ ഡെക്കര്‍ തീവണ്ടി സര്‍വ്വീസ് 14 മണിക്കൂറിനകം തിരുവനന്തപുരത്ത് എത്തും. റെയില്‍വേ അക്ടോബറില്‍ പുറത്തിറക്കുന്ന പുതിയ സമയപ്പട്ടികയില്‍ പ്രഖ്യാപിക്കുമെന്നും അറിയുന്നു.