സോണിയക്കെതിരെ തെളിവ് നൽകിയാൽ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാമെന്ന് മോദി ഉറപ്പ് നല്‍കിയെന്ന് വെളിപ്പെടുത്തല്‍

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (14:37 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ബ്രിട്ടീഷ് ആയുധ ഏജന്റ് ക്രസ്‌ത്യന്‍ മിഷേല്‍. വിവാദമായ ഹെലികോപ്ടർ ഇടപാടിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെളിവ് നൽകിയാൽ കടൽകൊല കേസ് പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റോ റെന്‍സിയോട് വെളിപ്പെടുത്തൽ. കടല്‍‌കൊലക്കേസ് പരിഗണിക്കുന്ന രാജ്യാന്തര കോടതിക്കെഴുതിയ കത്തിലാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന ഈ ആരോപണമുള്ളത്.

കടൽകൊല കേസ് കൈകാര്യം ചെയ്യുന്ന രാജ്യാന്തര കോടതിക്ക് ക്രിസ്ത്യൻ മിഷേൽ 2015 ഡിസംബർ 23ന് അയച്ച കത്തിലാണ് മോദിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതെന്ന് ദ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹാംബർഗിലെ ഇന്‍റർനാഷണൽ ട്രൈബ്യൂണൽ ഓഫ് ലോ ഓഫ് ദ് സീസ്, ഹേഗിലെ പെൻമെനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷൻ എന്നിവക്കാണ് ക്രിസ്ത്യൻ മിഷേൽ കത്തുകൾ അയച്ചത്.  

കഴിഞ്ഞ വര്‍ഷം ന്യൂയോർക്കിൽ ഇറ്റാലിയൻ പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെളിവ് കൈമാറാൻ മോദി ആവശ്യപ്പെട്ടത്. യുഎൻ പൊതുസഭാ സമ്മേളനത്തിനിടെയാണ് ഇരുവരും തമ്മിൽ മുന്‍കൂട്ടി നിശ്ചയിക്കാത്ത കൂടിക്കാഴ്ച നടന്നത്. ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയ ഗാന്ധിക്കോ കുടുംബാംഗങ്ങള്‍ക്കോ പങ്കു തെളിയിക്കുന്ന രേഖകള്‍ നല്‍കിയാല്‍ കടല്‍കൊലക്കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊള്ളാമെന്നു മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി മൈക്കിള്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം വിദേശകാര്യമന്ത്രാലയം നിഷേധിക്കുകയായിരുന്നെന്നും കത്തില്‍ മൈക്കിള്‍ വ്യക്തമാക്കുന്നു.

2012ലാണ് അഗസ്‌റ്റ വെസ്‌റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച അഴിമതി പുറത്തു വരുന്നത്. പന്ത്രണ്ട് എഡബ്ളിയു 101 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റലിയിലെ അഗസ്‌റ്റ വെസ്‌‌റ്റ് ലന്‍ഡ് കമ്പനിയുമായി ഉണ്ടാക്കിയ ഇടപാടില്‍ ഇടനിലക്കാര്‍ക്കു 450 കോടി രൂപയോളം കോഴ നല്‍കിയതായി ആരോപണം. ആരോപണങ്ങളും വിവാദങ്ങളും ശക്തമായതോടെ 2013ൽ കരാർ കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി റദ്ദാക്കുകയായിരുന്നു.

ഇറ്റലിയിലെ വന്‍ വിമാന നിര്‍മാണ കമ്പനിയായ ഫിന്‍ മെക്കാനിക്കയുടെ ഉപസ്ഥാപനമാണ് അഗസ്റ്റ്  വെസ്‌റ്റ്ലന്‍ഡ്. ഹെലികോപ്ടർ ഇടപാടിൽ ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിക്കൊണ്ടിരിക്കുന്ന ആളാണ് ബ്രിട്ടീഷ് ആയുധ ഏജന്‍റായ ക്രിസ്ത്യൻ മിഷേൽ.