രാജ്യാന്തര ബ്രാന്‍ഡുകളായ കൊക്ക കോളയുടേയും പെപ്സിക്കോയുടേയും സോഫ്റ്റ് ഡ്രിങ്കുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പരിശോധന റിപ്പോര്‍ട്ട്. ഈ കമ്പനികള്‍ നിര്‍മിച്ച് നല്‍കുന്ന അഞ്ചു വ്യത്യസ്ത ലഘുപാനീയങ്ങളുടെ സാമ്പിളുകളിലാണ് ലെഡ്ഡ്,ക്രോമിയം, കാഡ്മിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി.
പെപ്‌സി, കൊക്കകോള, സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ് തുടങ്ങിയവയിലാണ് മാരകമായ രാസവസ്തുക്കളുടെ സാന്നിധ്യമുള്ളതെന്ന് ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംങ് ഗുലസ്‌തെ രേഖാമൂലം രാജ്യ സഭയില്‍ അറിയിച്ചു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ നാഷണല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടേയും സാന്നിധ്യം ഈ ഡ്രിങ്കുകളില്‍ കണ്ടെത്തിയത്.
ഇത്തരം സോഫ്റ്റ് ഡ്രിങ്കുകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ സംഘടനകള്‍ നടത്തിയ പഠനത്തില്‍ നേരത്തേ തന്നെ കണ്ടെത്തിയതാണ്. ഇതിനിടെയാണ് ഇത്തരം പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ നിറയ്ക്കുന്നതു മൂലം കാഡ്മിയവും ക്രോമിയവും പോലുള്ള രാസവസ്തുക്കള്‍ കലരാന്‍ ഇടയായതെന്നും പരിശോധനയില്‍ തെളിഞ്ഞു.
പാനീയങ്ങള്‍ക്ക് പുറമേ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ ലഭ്യമാകുന്ന മരുന്നുകളും അപകടകരമാണെന്നും പരിശോധനയില്‍ തെളിഞ്ഞു. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ പാക്ക് ചെയ്ത് വരുന്ന മരുന്നുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അത്തരം ബോട്ടില്‍ നിര്‍മ്മിക്കുന്നവരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആ വിജ്ഞാപനം മരവിപ്പിച്ചത്.