വലിക്കണമെങ്കില്‍ പ്രായം 25 ആകണം

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (08:36 IST)
രാജ്യത്ത് പുകയില വിരുദ്ധ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സിഗരറ്റ് വാങ്ങാനുള്ള പ്രായം 18 വയസില്‍ നിന്ന് 25 വയസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ രൂപീകരിച്ച സമിതി ഈമാസം ഒടുവില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.

പൊതുസ്‌ഥലങ്ങളിലെ പുകവലിക്കു ശിക്ഷ വര്‍ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളും സിഗരറ്റ്‌ പായ്‌ക്കറ്റില്‍നിന്നു ബ്രാന്‍ഡിന്റെ പേര്‌ ഒഴിവാക്കാനുള്ള നടപടികളും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ  ചെയ്തേക്കുമെന്നാണ് സൂചന. പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ ലോകാരോഗ്യസംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോഴത്തേ നീക്കം.

2004ല്‍ ആണ് ഇന്ത്യ പുകയില വിരുദ്ധ യജ്ഞത്തില്‍ പങ്കാളിയാകുന്നത്. നിലവില്‍ സിഗരറ്റ് നിര്‍മ്മാതാക്കള്‍ക്ക് അവരുടെ പരസ്യങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഇത് നിരോധിക്കാനുള്ള നടപടികളുണ്ടാകും. ഇനി സിഗരറ്റ് വില്‍ക്കണമെങ്കില്‍ സിഗരറ്റിനെതിരായ മുന്നറിയിപ്പു പരസ്യം വലുതാക്കി, പായ്‌ക്കറ്റിന്റെ രണ്ടു വശത്തും പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തും.

സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും കഴിഞ്ഞ ബജറ്റില്‍ നികുതി കുത്തനെ കൂട്ടിയിരുന്നു. രാജ്യത്തു പുകയിലനിരോധനം ഏര്‍പ്പെടുത്താനുള്ള ആലോചനകളും സജീവമായിരുന്നു. അതിനു പിന്നാലെയാണ്‌, 2003-ലെ പുകയില ഉല്‍പന്നനിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ ഡല്‍ഹി സര്‍ക്കാരിലെ ആരോഗ്യവകുപ്പ്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രമേഷ്‌ ചന്ദ്ര അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്.