സ്മാര്‍ട്ട് സോള്‍ജിയര്‍, റോബോ സോള്‍ജ്യര്‍ ഇന്ത്യ സ്മാര്‍ട്ടാകുന്നു

Webdunia
വ്യാഴം, 8 ജനുവരി 2015 (13:13 IST)
അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ ശക്തി രാജ്യങ്ങള്‍ക്ക് മാത്രം കൈവശമുള്ള അത്യാധുനിക യുദ്ധ വേഷങ്ങള്‍ സമീപ ഭാവിയില്‍ തന്നെ ഇന്ത്യയ്ക്കും സ്വന്തമാകുമെന്ന് സൂചന‍. സൈനിക രംഗത്തു വിപ്ളവമുണ്ടാക്കാന്‍ പോകുന്ന സ്മാര്‍ട്ട് സോള്‍ജിയര്‍ എന്ന ആശയം അതിന്റെ വികസനത്തിലുള്ള നിര്‍ണ്ണായക വഴിത്തിരിവിലാണെന്ന വെളിപ്പെടുത്തലാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) അറിയിച്ചിരിക്കുന്നത്.  

പ്രവാസി ഭാരതീയ യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനിടേയായിരുന്നു ഡിആര്‍ഡിഒ ഡയറക്ടര്‍ ഡോ ജി സതീഷ് റെഡ്ഡി ഇന്ത്യ രഹസ്യമായി നടപ്പിലാക്കിക്കൊണ്ടിരുന്ന ആശയത്തേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ശത്രുനീക്കം തിരിച്ചറിയാനും നിര്‍വീര്യമാക്കാനും തിരിച്ചാക്രമിക്കാനുമുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെട്ട വേഷവിധാനമാണ് സ്മാര്‍ട് ഭടന്റെ സവിശേഷത. യന്ത്രമനുഷ്യരെ യുദ്ധരംഗത്തിറക്കാന്‍ ലക്ഷ്യമിടുന്ന 'റോബോ സോള്‍ജ്യര്‍ ആശയവും പണിപ്പുരയിലാണെന്നു റെഡ്ഡി പറഞ്ഞു.
 
ഒരു മിസൈല്‍ പോലും സ്വന്തമായില്ലാതിരുന്ന 1988നു ശേഷം എല്ലാ ശ്രേണിയിലും ഒന്നാംകിട മിസൈലുകളുള്ള രാജ്യമായി ഇന്ത്യ രൂപാന്തരപ്പെട്ടിരിക്കുന്നു. മുന്‍പ് ഓരോ നേട്ടവും കൈവരിക്കുമ്പോള്‍ ലോകത്തെ അഞ്ചു രാജ്യങ്ങളില്‍ ഒന്ന്, നാലു രാജ്യങ്ങളില്‍ ഒന്ന് എന്നൊക്കെ ശാസ്ത്രജ്ഞര്‍ അഭിമാനിച്ചിരുന്നു. അപ്പോഴൊക്കെ 'ഫണ്ണി ഫെലോസ്, നമുക്ക് ഇനി ലോകത്ത് ഒന്നാമതെത്തേണ്ടേ എന്ന് അന്നത്തെ ഡിആര്‍ഡിഒ മേധാവി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ചോദിക്കും. ഇന്നു ശബ്ദാതിവേഗ മിസൈല്‍, മിസൈല്‍ വേധ സാങ്കേതികവിദ്യകള്‍ തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ ഒന്നാമതു നില്‍ക്കുന്ന നാം അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു - സതീഷ് റെഡ്ഡി പറഞ്ഞു. 
 
തൊട്ടു പിന്നാലെ മുന്‍ ഐ‌എസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പ്രസംഗിക്കുന്നതിനായെത്തി. ബഹിരാകാശ ഗവേഷണത്തിലെ പല മേഖലകളിലും ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണെന്നു രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ 25 ഉപഗ്രഹങ്ങള്‍ ഇപ്പൊള്‍ ഭൂമിയെ വലം വയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ചൊവ്വയില്‍ നിന്നൊരു ഇന്ത്യന്‍ സംഘമെത്തുന്ന കാലം താന്‍ മുന്നില്‍ കാണുന്നുവെന്ന് രാധാകൃഷ്ണന്‍ പറഞ്ഞ് തീരുന്നതിനു മുമ്പെ നിര്‍ത്താത്ത കരഘോഷമായിരുന്നു സദസില്‍ ഉണ്ടായത്.
 
നാസയുമായി സഹകരിച്ചു വികസിപ്പിക്കുന്ന വിദൂര സംവേദന ഉപഗ്രഹം (സിന്തറ്റിക് അപര്‍ചര്‍ റഡാര്‍ സാറ്റലൈറ്റ്) 2020ല്‍ ഇന്ത്യയില്‍ നിന്നു വിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലാവസ്ഥാ മാറ്റം, മഞ്ഞുപാളികളുടെ ഭ്രംശവും നാശവും, ഭൂമികുലുക്കം, സൂനാമി, ഉരുള്‍പൊട്ടല്‍, അഗ്നിപര്‍വതം തുടങ്ങി പ്രകൃതിയുടെ ഏറ്റവും സങ്കീര്‍ണ പ്രക്രിയകളെക്കുറിച്ചു സൂക്ഷ്മമായി പഠിക്കാനുള്ള ഏറ്റവും ആധുനിക സങ്കേതങ്ങള്‍ ഉപഗ്രഹത്തിലുണ്ടാകും. ഇതിനായി റഡാര്‍, കമ്യൂണിക്കേഷന്‍ സബ് സിസ്റ്റം, ജിപിഎസ് റിസീവര്‍ തുടങ്ങിയവ നാസ വികസിപ്പിച്ചു നല്‍കും. വിക്ഷേപണ വാഹനം, വിക്ഷേപണം, സാറ്റലൈറ്റ് ബസ് തുടങ്ങിയവ ഇന്ത്യയുടെ ചുമതലയായിരിക്കും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.